കുവൈത്ത് സിറ്റി: ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തിൽ ശക്തമായി അപലപിച്ച് കുവൈത്ത്. ഇസ്രായേൽ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവും ഇറാന്റെ പരമാധികാരത്തിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് കുവൈത്ത് വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി. ഇസ്രായേൽ നടപടി പ്രാദേശിക സുരക്ഷക്കും ഭീഷണിയാണ്.
മേഖലയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനും ഇസ്രായേൽ ആക്രമണങ്ങളും ലംഘനങ്ങളും അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്രസഭ സുരക്ഷ കൗൺസിലും ഇടപെടണമെന്നും കുവൈത്ത് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
ഇറാനും ജനങ്ങൾക്കും കുവൈത്ത് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുമായി ഫോൺ സംഭാഷണം നടത്തി. എല്ലാത്തരം സംഘർഷങ്ങളെയും അക്രമങ്ങളെയും കുവൈത്ത് നിരസിക്കുന്നതായി അൽ യഹ്യ വ്യക്തമാക്കി. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനുമുള്ള യോജിച്ച നയതന്ത്ര, രാഷ്ട്രീയ ശ്രമങ്ങളുടെ പ്രാധാന്യവും അദ്ദേഹം സൂചിപ്പിച്ചു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ സുപ്രീം ഡിഫൻസ് കൗൺസിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ബയാൻ പാലസിൽ ചേർന്ന യോഗം അടിയന്തര പദ്ധതികളുടെ ഭാഗമായി വിവിധ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകീകരണത്തിനും തയാറെടുപ്പുകൾക്കും ആഹ്വാനം ചെയ്തു.
വിമാന സർവിസുകളിൽ മാറ്റം
സംഘർഷ സാഹചര്യം കണക്കിലെടുത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പല വിമാനങ്ങളുടെ സർവിസുകൾ പുനഃക്രമീകരിച്ചു. വെള്ളിയാഴ്ച നിരവധി വിമാന സർവിസുകൾ മാറ്റിെവക്കുകയും റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്തതായി ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു.
വിമാനത്താവളത്തിൽ എത്തുന്നതും പുറപ്പെടുന്നതുമായ വിമാനക്കമ്പനികളുമായി ഏകോപനം നടത്തുന്നുണ്ടെന്നും ഡി.ജി.സി.എ വെള്ളിയാഴ്ച വ്യക്തമാക്കി.
ജസീറ സർവിസ് നിർത്തിവെച്ചു
ഇറാനിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറാനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവിസുകളും ജസീറ എയർവേയ്സ് താൽക്കാലികമായി നിർത്തിവെച്ചു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിവരങ്ങൾ യാത്രക്കാരെ അറിയിക്കുമെന്നും എയർവേയ്സ് വെള്ളിയാഴ്ച അറിയിച്ചു. റീബുക്കിങ് അല്ലെങ്കിൽ മറ്റ് യാത്ര ഓപ്ഷനുകൾക്ക് 177 എന്ന നമ്പറിലൂടെയും 0096522054944 എന്ന അന്താരാഷ്ട്ര നമ്പറിലൂടെയും ബന്ധപ്പെടാമെന്നും എയർവേയ്സ് അഭ്യർഥിച്ചു.
കുവൈത്ത് എയർവേസ് സർവിസ് നടത്തി
എല്ലാ വിമാനങ്ങളും ഷെഡ്യൂൾ ചെയ്ത പ്രകാരം സർവിസ് നടത്തുന്നതായി കുവൈത്ത് എയർവേസ് വെള്ളിയാഴ്ച അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് ബദൽ പദ്ധതികൾ ആവിഷ്കരിക്കും. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുകയാണ്. സർവിസുകളിൽ എന്തെങ്കിലും മാറ്റമുണ്ടായാൽ ഔദ്യോഗിക ചാനലുകൾ വഴിയും യാത്രക്കാർ നൽകിയ കോൺടാക്റ്റ് നമ്പർ വഴിയും വിവരങ്ങൾ അറിയിക്കും. ഏത് സാഹചര്യത്തെയും നേരിടാൻ സജ്ജമാണ്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനുമായും ബന്ധപ്പെട്ട അധികാരികളുമായും ഏകോപനം നടന്നുവരുന്നതായും വ്യക്തമാക്കി.
അമേരിക്കക്ക് പങ്കില്ലെന്ന് എംബസി
ഇറാനെ ലക്ഷ്യമിട്ടുള്ള സൈനിക ആക്രമണത്തിൽ അമേരിക്കൻ സൈന്യം പങ്കെടുത്തിട്ടില്ലെന്ന് കുവൈത്തിലെ അമേരിക്കൻ എംബസി. വാർത്താ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരുകയാണെന്നും എംബസി പത്രക്കുറിപ്പിൽ അറിയിച്ചു.
അമേരിക്കൻ പൗരന്മാർ വെബ്സൈറ്റ്, ഓവർസിസ് സെക്യൂരിറ്റി അഡ്വൈസറി കൗൺസിൽ, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സ്മാർട്ട് ട്രാവലർ എൻറോൾമെന്റ് പ്രോഗ്രാം എന്നിവ വഴി വിവരങ്ങൾ കൈമാറണമെന്നും എംബസി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.