കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണം തടയാൻ അറബ്, മുസ്ലിം രാജ്യങ്ങൾ ദൃഢവും ഏകീകൃതവുമായ നിലപാട് സ്വീകരിക്കണമെന്ന് യൂറോപ്യൻ യൂനിയൻ, ബെൽജിയം, നാറ്റോ എന്നിവിടങ്ങളിലെ കുവൈത്ത് അംബാസഡർ നവാഫ് അൽ എനിസി. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ ചില രാജ്യങ്ങൾ തുടരുന്ന ഇരട്ടത്താപ്പുകളെ അദ്ദേഹം അപലപിച്ചു.
38 ദിവസത്തെ ഗസ്സയിലെ ആക്രമണം 12,000ലധികം ആളുകളെ കൊന്നൊടുക്കി. ലോകം ഏകീകൃത ശബ്ദത്തിൽ സംസാരിക്കേണ്ട സമയമാണിത്. നമ്മൾ എല്ലാവരും വെടിനിർത്തലിന് ആഹ്വാനം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഒ.ഐ.സി അംബാസഡർമാർ യൂറോപ്യൻ യൂനിയനോട് അടിയന്തരവും സമ്പൂർണവുമായ വെടിനിർത്തൽ കൊണ്ടുവരാനും ഗസ്സയിലെ ആക്രമണം അവസാനിപ്പിക്കാൻ ഇസ്രായേലിൽ സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെട്ടതായും നവാഫ് അൽ എനിസി വ്യക്തമാക്കി. ഇസ്രായേലി ആക്രമണങ്ങൾക്കും ക്രൂരമായ കൂട്ടക്കൊലകൾക്കും പൂർണമായ ശിക്ഷാവിധികളില്ലാതെ ലോകം സാക്ഷ്യം വഹിക്കുകയാണെന്ന് യൂറോപ്യൻ യൂനിയനിലെ ഒ.ഐ.സി അംബാസഡർ ഇസ്മത്ത് ജഹാൻ പറഞ്ഞു. ഇത് മനുഷ്യത്വത്തിന് അപമാനമാണ്, തെറ്റുതിരുത്താനുള്ള ഉത്തരവാദിത്തം മാധ്യമങ്ങൾക്ക് ഉണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
സയണിസ്റ്റുകൾ കുവൈത്ത് സന്ദർശിച്ച വാർത്ത നിഷേധിച്ചു
കുവൈത്ത് സിറ്റി: ഒക്ടോബർ മൂന്നിന് സയണിസ്റ്റ് പ്രതിനിധി സംഘം കുവൈത്ത് വിമാനത്താവളത്തിൽ എത്തിയെന്ന വാർത്ത വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് നിഷേധിച്ചു. വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചിലാണ് പ്രതിനിധി സംഘം എത്തിയതെന്ന ദേശീയ അസംബ്ലിയിലെ ചോദ്യത്തിന് മറുപടിയായി, സയണിസ്റ്റ് പ്രതിനിധി സംഘം എത്തിയിട്ടില്ലെന്ന് ലോഞ്ചിലെ രേഖകൾ വ്യക്തമാണെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഫലസ്തീൻ വിഷയത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരം ഉൾപ്പെടെയുള്ള ഫലസ്തീനികളുടെ നിയമാനുസൃതമായ അവകാശങ്ങൾക്കു കുവൈത്തിന്റെ പൂർണ പിന്തുണ ശൈഖ് സലിം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.