ഇന്ത്യൻ എംബസി സംഘടിപ്പിച്ച മെഗാ യോഗ പരിപാടിയിൽ നിന്ന്
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ എംബസി മെഗാ യോഗ സെഷൻ സംഘടിപ്പിച്ചു. കുവൈത്ത് സിറ്റിയിലെ ബൊളിവാർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ വിദേശ നയതന്ത്രജ്ഞർ, സ്കൂളുൾ, കോളജ് വിദ്യാർഥികൾ, ഇന്ത്യൻ പ്രവാസികൾ, യോഗ പ്രേമികൾ എന്നിവരുൾപ്പെടെ സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുമുള്ള 1500 ലധികം പേർ പങ്കെടുത്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്ത അംബാസഡർ ഡോ. ആദർശ് സ്വൈക ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യം വ്യക്തമാക്കി. ആഘോഷങ്ങളിൽ പങ്കുചേർന്നതിന് പങ്കെടുത്തവർക്ക് അദ്ദേഹം നന്ദി പറഞ്ഞു. ഒ.സി.എ ഡയറക്ടർ ജനറൽ ഹുസൈൻ അൽ മുസല്ലം ‘യോഗ’അംഗീകൃത കായിക ഇനമാണെന്ന് പരാമർശിച്ചു. സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സംസ്ഥാന സ്ഥാപകൻ പത്മശ്രീ എച്ച്.ആർ. നാഗേന്ദ്ര, പത്മശ്രീ ശൈഖ ശൈഖ എ.ജെ.സബ എന്നിവർ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി ഒരു പൊതു യോഗ പ്രദർശനവും നടത്തി. ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസ് (ഐ.സി.സി.ആർ), ആയുഷ് മന്ത്രാലയം എന്നിവയുടെ ആഭിമുഖ്യത്തിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുമായി (ഒ.സി.എ) സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. 2014 ഡിസംബർ 11നാണ് ഐക്യരാഷ്ട്രസഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. തുടർന്ന് ഈ ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.