കുവൈത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പിടിയിൽ

കുവൈത്ത് സിറ്റി: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ പിടികൂടി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്തിന് പുറത്തുനിന്ന് പ്രവർത്തിക്കുന്ന ലഹരി ക്രിമിനൽ ശൃംഖലയെ തകർത്ത ആഭ്യന്തര മന്ത്രാലയം കുവൈത്തിൽ വിതരണത്തിനായി എത്തിച്ച വലിയ അളവിലുള്ള മയക്കുമരുന്ന് പിടിച്ചെടുത്തു.ഷുവൈഖ്, കെയ്ഫാൻ എന്നിവിടങ്ങളിലെ റെസിഡൻഷ്യൽ ഏരിയകളിൽ നടത്തിയ പരിശോധനയിൽ രണ്ട് ഏഷ്യൻ സ്വദേശികൾ അറസ്റ്റിലായി. ഇവരിൽ നിന്ന് 14 കിലോ ഹെറോയിൻ, എട്ടു കിലോ മെത്താംഫെറ്റാമൈൻ (ഷാബു), ലഹരി അളക്കുന്ന ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ ഓപ്പറേഷനിലാണ് പ്രതികൾ പിടിയിലായതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

മയക്കുമരുന്ന് കടത്ത്, വിൽപ്പന, ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. എല്ലാ കള്ളക്കടത്ത്, വിതരണ ശ്രമങ്ങളെയും പരാജയപ്പെടുത്തും. സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോളിൽ (1884141) അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളെ ഉണർത്തി. എല്ലാ റിപ്പോർട്ടുകളും രഹസ്യസ്വഭാവത്തോടെ കൈകാര്യം ചെയ്യും.

Tags:    
News Summary - International drug gang arrested in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.