റേഡിയോളജി കോൺഫറൻസ് പ്രതിനിധികൾക്കൊപ്പം ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി
കുവൈത്ത് സിറ്റി: ആരോഗ്യരംഗത്ത് പുതിയ സാങ്കേതികവിദ്യകളും ചികിത്സരീതികളും നിലനിർത്തുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി. ഡയഗ്നോസ്റ്റിക് റേഡിയോളജി, റേഡിയേഷൻ ഓങ്കോളജി ചികിത്സ, ന്യൂക്ലിയർ മെഡിസിൻ എന്നീ മേഖലകളിലെ പുതിയ ചികിത്സരീതികൾ നിലനിർത്താനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധത ആരോഗ്യമന്ത്രി വ്യക്തമാക്കി.
ലോകം സാങ്കേതിക വിദ്യകളിൽ കൂടുതൽ താൽപര്യം കാണിക്കുന്ന സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. വാർഷിക റേഡിയോളജി കോൺഫറൻസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. റേഡിയേഷൻ ട്യൂമറുകൾ, ന്യൂക്ലിയർ മെഡിസിൻ എന്നിവയുടെ ചികിത്സക്കായി ഡയഗ്നോസ്റ്റിക് റേഡിയോളജി മേഖലയിലെ പുതിയ ശാസ്ത്രീയ സംഭവവികാസങ്ങളെക്കുറിച്ച് പഠിക്കാൻ കോൺഫറൻസ് അവസരം നൽകുന്നതായി മന്ത്രി കൂട്ടിച്ചേർത്തു.
ധാരാളം വിദഗ്ധരും കൺസൽട്ടന്റുമാരും കോൺഫറൻസിൽ പങ്കെടുക്കുന്നതായി ആരോഗ്യ മന്ത്രാലയം കൗൺസിൽ ഓഫ് റേഡിയോളജി ഡിപ്പാർട്മെന്റ് ചെയർവുമണും കോൺഫറൻസ് ചെയർമാനുമായ ഡോ. ബുതൈന അൽ കന്ദരി പറഞ്ഞു. മാമോഗ്രാം, പോസിട്രോൺ എമിഷൻ ടോമോഗ്രഫി (പി.ഇ.ടി), മാഗ്നറ്റിക് റെസൊണൻസ് ഇമേജിങ് (എം.ആർ.ഐ), റേഡിയോ തെറപ്പി.
കീമോതെറപ്പിക്കു വിധേയരായ രോഗികളുടെ പരിശോധന, ട്യൂമർ വലുപ്പങ്ങളുടെ തുടർനടപടി എന്നിവയുൾപ്പെടെയുള്ള ബ്രെസ്റ്റ് ട്യൂമറുകളുടെ രോഗനിർണയവും ചികിത്സയുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങൾ കോൺഫറൻസിന്റെ പ്രത്യേകതയാണ്. വിവിധ രാജ്യങ്ങളിൽനിന്നുള്ള വൈദഗ്ധ്യം കൈമാറ്റംചെയ്യുക എന്നതും ലക്ഷ്യമാണ്.
എം.ആർ.ഐ, ന്യൂക്ലിയർ മെഡിസിൻ, റേഡിയേഷൻ തെറപ്പി, ഹൃദ്രോഗം കണ്ടെത്തൽ, കിഡ്നി, അഡ്രീനൽ ഗ്രന്ഥികളിലെ മുഴകൾ, അർബുദനിർണയ പി.ഇ.ടി സ്കാൻ എന്നിവയെക്കുറിച്ചുള്ള പ്രഭാഷണങ്ങളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.