ഇന്ത്യൻ എംബസി സൈക്കിൾ റാലി സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികം, ഇന്ത്യ കുവൈത്ത് നയതന്ത്ര ബന്ധത്തിന്റെ 60ാം വാർഷികം എന്നിവയോടനുബന്ധിച്ചും ജൂൺ മൂന്നിന് ​'ലോക സൈക്കിൾ ദിനം' ആഘോഷിക്കുന്നതിന്റെ ഭാഗമായും കുവൈത്തിലെ ഇന്ത്യൻ എംബസി സൈക്കിൾ റാലി സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ സിബി ജോർജ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി സംരക്ഷണത്തിനായി ഇന്ത്യ സ്വീകരിച്ച നിരവധി നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സൈക്കിൾ റാലിയെന്ന് അദ്ദേഹം പറഞ്ഞു.

അംബാസഡറും സൈക്കിൽ ചവിട്ടി റാലിയുടെ ഭാഗമായി. ലാളിത്യം, പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗ്ഗങ്ങൾ, ആരോഗ്യ സംരക്ഷണം തുടങ്ങിയ ഉദ്ഘോഷിക്കുന്നതാണ് സൈക്കിൾ ദിനാഘോഷം. ജൂൺ അഞ്ചുമുതൽ ഒമ്പത് വരെ പരിസ്ഥിതി ദിനം ആചരിക്കുകയും കാലവസ്ഥയുമായി ബന്ധപ്പെട്ട് നേട്ടങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ സസ്യജന്തുജാലങ്ങളിലെ വൈവിധ്യങ്ങൾ, ഇന്ത്യൻ മഹാസമുദ്രം, നദികൾ, ദ്വീപുകൾ, ഔഷധസസ്യങ്ങൾ, വൃക്ഷങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നതിനുമുള്ള വിവിധ പരിപാടികൾ ആവിഷ്കരിച്ചിട്ടുണ്ട്. ക്വിസുകൾ, പെയിന്റിങ്, ഡ്രോയിങ് മത്സരം, വെർച്വൽ അവതരണങ്ങൾ തുടങ്ങിയവയാണ് നടത്തുന്നത്. ജൂൺ ഒമ്പതിന് ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങൾക്ക് പ്രാധാന്യം നൽകി എംബസി ഓഡിറ്റോറിയത്തിൽ ഗ്രാൻഡ് ഫിനാലെയും നടത്തുന്നതായി എംബസി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.