പിടിയിലായ പ്രതിയും കണ്ടുകെട്ടിയ
മരുന്നുകളും
കുവൈത്ത് സിറ്റി: ലൈസൻസോ മെഡിക്കൽ യോഗ്യതകളോ ഇല്ലാതെ നിയമവിരുദ്ധമായി ചികിത്സ നടത്തിയ ഒരു ഏഷ്യൻ പ്രവാസിയെ ഹവല്ലി ഡിറ്റക്ടീവ് അറസ്റ്റ് ചെയ്തു. ഹവല്ലിയിലെ റെസിഡൻഷ്യൽ കെട്ടിടത്തിലെ വാടക മുറി താൽക്കാലിക ക്ലിനിക്കാക്കി രോഗികളെ ചികിത്സിച്ചുവരികയായിരുന്നു.
പരിശോധനയിൽ മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന മരുന്നുകളും കണ്ടെത്തി. ഇവയിൽ ഗർഭഛിദ്ര ഗുളികകൾ, വേദനസംഹാരികൾ, മയക്കുമരുന്നുകൾ, സാധാരണവും വിട്ടുമാറാത്തതുമായ രോഗങ്ങൾക്ക് ചികിത്സിക്കാൻ ഉപയോഗിക്കുന്ന വിവിധതരം മരുന്നുകൾ എന്നിവ ഉൾപ്പെടുന്നു. പലതും നിയമവിരുദ്ധമായി രാജ്യത്ത് എത്തിച്ചവയായിരുന്നു.
വാടക മുറിയിലേക്ക് പ്രവാസികൾ ഇടക്കിടെ പോകുന്നത് നിരീക്ഷിച്ച ഡിറ്റക്ടീവുകൾ അവിടെ ലൈസൻസില്ലാത്ത ക്ലിനിക് നടത്തുന്നതായും പണം വാങ്ങി ചികിത്സിക്കുന്നതായും കണ്ടെത്തുകയായിരുന്നു.
ഇവിടെ സ്ത്രീകൾക്ക് നിയമവിരുദ്ധമായ ഗർഭഛിദ്ര സേവനങ്ങൾ നൽകുന്നുണ്ടെന്നും അന്വേഷകർ കണ്ടെത്തി.
തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയും മെഡിക്കൽ സാധനങ്ങൾ കണ്ടുകെട്ടുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഗർഭഛിദ്ര ഗുളികകൾ ഓരോന്നിനും 35 ദീനാറിന് വിറ്റിരുന്നതായി സമ്മതിച്ചതായി റിപ്പോർട്ടുണ്ട്. പിടിച്ചെടുത്ത വസ്തുക്കൾ സഹിതം പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.