കുവൈത്ത് സിറ്റി: ഭക്ഷണവും വെള്ളവും മരുന്നും കിടപ്പാടവുമില്ലാതെ മരണമുനമ്പിൽ വിറങ്ങലിച്ചു നിൽക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസവുമായി കുവൈത്ത് കൂടുതൽ മാനുഷിക സഹായം എത്തിക്കുന്നു. ഗസ്സയിലെ ജനങ്ങൾക്ക് എയർ ബ്രിഡ്ജ് വഴി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അസ്സബാഹ് അറിയിച്ചു. ഫലസ്തീനികളെ സഹായിക്കാൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരുടെ നിർദേശപ്രകാരമാണ് ഈ സംരംഭമെന്ന് മന്ത്രി ശൈഖ് സലീം പറഞ്ഞു.ഫലസ്തീനെ പിന്തുണക്കുന്ന കുവൈത്തിന്റെ അചഞ്ചലമായ നിലപാടിന്റെ തുടർച്ചയും ഇസ്രായേൽ അധിനിവേശം വരുത്തിയ ദുരിതങ്ങൾ ലഘൂകരിക്കാനുള്ള ശ്രമമാണിത്. ഈജിപ്തിലെ സിനായ് പെനിൻസുലയിലെ അൽ അരിഷ് ഏരിയയിലൂടെ ഗസ്സയിലേക്ക് അടിയന്തര സാമഗ്രികളും മെഡിക്കൽ ആവശ്യങ്ങളും എത്തിക്കുന്നതാകും റിലീഫ് വിമാനങ്ങൾ. തിങ്കളാഴ്ച വിമാനം വഴിയുള്ള സഹായം എത്തിക്കൽ ആരംഭിക്കും. ആദ്യ ആഴ്ചയിൽ ദിവസവും സാധനങ്ങൾ എത്തിക്കും.
വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വ്യോമസേന, കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി, കുവൈത്ത് റിലീഫ് സൊസൈറ്റി മറ്റ് മാനുഷിക സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപനത്തിലാണ് പദ്ധതി.ഫലസ്തീൻ ഈജിപ്ത് അതിർത്തിയായ റഫ കഴിഞ്ഞ ദിവസം തുറന്നതോടെ ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുവൈത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.