കുവൈത്ത് സിറ്റി: മൂന്നുവർഷം മുമ്പ് നിർത്തിവെച്ച ഇന്ത്യയിൽനിന്നുള്ള വനിത ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് അടുത്തയാഴ്ച പുനരാരംഭിക്കും.
ഗാർഹികത്തൊഴിലാളി വകുപ്പും ഇന്ത്യൻ എംബസിയും തമ്മിൽ നടന്ന ചർച്ച വിജയകരമായതിനെ തുടർന്നാണ് റിക്രൂട്ട്മെൻറ് പുനരാരംഭിക്കാൻ വഴിതെളിഞ്ഞത്. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന് മെമ്മോ നൽകി. തൊഴിലാളികളുടെ ശമ്പളം, ജോലി സമയം, അവകാശ സംരക്ഷണം, ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച് ഇന്ത്യൻ എംബസിക്ക് കുവൈത്ത് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
റിക്രൂട്ട്മെൻറ് നടപടികൾക്ക് അടുത്തയാഴ്ച തുടക്കമാവുമെങ്കിലും ആദ്യ സംഘമെത്തുക എന്നാണെന്ന് വ്യക്തമായിട്ടില്ല. മൂന്നു വർഷമായി കുവൈത്തിലേക്ക് ഇന്ത്യയിൽനിന്നുള്ള ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാറില്ല. വനിതകളെ ഗാർഹികത്തൊഴിലിനു റിക്രൂട്ട് ചെയ്യുന്നതിനു സ്പോൺസർ 2500 ഡോളർ ബാങ്ക് ഗാരൻറി നൽകണമെന്ന ഇന്ത്യൻ സർക്കാറിെൻറ തീരുമാനത്തെ തുടർന്നായിരുന്നു ഇത്. എന്നാൽ, കഴിഞ്ഞ സെപ്റ്റംബറിൽ ബാങ്ക് ഗ്യാരൻറി നിബന്ധന പിൻവലിച്ചു.
ഗാർഹികത്തൊഴിലാളി ക്ഷാമം മൂലം ബുദ്ധിമുട്ടുന്ന കുവൈത്തിന് ആശ്വാസം പകരുന്നതിനാണ് ഇന്ത്യയിൽനിന്നുള്ള റിക്രൂട്ട്മെൻറ് പുനരാരംഭിക്കുന്നത്. ഫിലിപ്പീൻസ് വേലക്കാരികളെ അയക്കുന്നത് നിർത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇന്തോനേഷ്യ, ബംഗ്ലാദേശ്, വിയറ്റ്നാം, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികളെ എത്തിക്കാൻ കുവൈത്ത് ശ്രമിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.