ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
കുവൈത്ത് സിറ്റി: രാജ്യത്തിനകത്തും പുറത്തും സംഭാവനകൾ ശേഖരിക്കുന്നതിനും ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കുന്നതിനുമുള്ള നിയന്ത്രണം നീക്കി. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ അധ്യക്ഷതയിൽചേർന്ന മാനുഷിക, ജീവകാരുണ്യ സംഘടനകളുടെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിനുള്ള കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
കമ്മിറ്റിയുടെ അഞ്ചാമത് യോഗത്തിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുത്തു.ജീവകാരുണ്യ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും സഹായങ്ങളും സംഭാവനകളും ആവശ്യമുള്ളവർക്ക് എത്തുന്നുണ്ടെന്നും ഉറപ്പാക്കും.ഈ നടപടി ദാതാക്കളെ അവരുടെ സംഭാവനകൾ ട്രാക്ക് ചെയ്യാനും ഉദ്ദേശിച്ച ലക്ഷ്യങ്ങളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കും.
പുതിയ കരട് നിയമത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനൊപ്പം, ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ ശുപാർശകൾക്കനുസൃതമായി സാമ്പത്തിക കൈമാറ്റങ്ങൾ നിയന്ത്രിക്കുന്നതിനുള്ള പുതിയ സംവിധാനത്തെക്കുറിച്ചും കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുതാര്യതയും ലക്ഷ്യവും ഉറപ്പുവരുത്തി മാനുഷിക പദ്ധതികളും സംരംഭങ്ങളും മികവുറ്റതാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.