കുവൈത്ത് സിറ്റി: രാജ്യത്ത് വരും ദിവസങ്ങളിൽ താപനില ഉയരും. വാരാന്ത്യത്തിൽ മിക്ക പ്രദേശങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസിനും 48നും ഇടയിൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിൽ ചൂടും പൊടിയും നിറഞ്ഞ അന്തരീക്ഷമാകും. മിതമായതോ സജീവമായതോആയ വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ വീശും. ഇത് തുറസ്സായ പ്രദേശങ്ങളിൽ പൊടിക്കാറ്റിന് കാരണമാകും. താമസ മേഖലകളിൽ ചെറിയ രീതിയിൽ ഇവ ആഘാതം സൃഷ്ടിക്കാൻ സാധ്യതയുണ്ട്.
ചൊവ്വാഴ്ച മുതൽ വ്യാഴം വരെ വായു മർദ്ദം കൂടുതൽ ശക്തമാകുന്നതോടെ ചൂട് കൂടുതൽ രൂക്ഷമാകും. ഇത് പരമാവധി താപനില 48 ഡിഗ്രി സെൽഷ്യസിനും 51 ഡിഗ്രി സെൽഷ്യസിനും ഇടയിലേക്ക് ഉയരാൻ ഇടയാക്കും. നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റും ശക്തമാകും.
ഇന്ത്യൻ മൺസൂൺ ന്യൂനമർദ സംവിധാനത്തിന്റെ സ്വാധീനത്തിലാണ് കുവൈത്ത് നിലവിൽ ഉള്ളതെന്നും അതോടൊപ്പം വളരെ ചൂടുള്ള വായു പിണ്ഡവും ഉണ്ടെന്നും കാലാവസ്ഥാ വകുപ്പ് ആക്ടിങ് ഡയറക്ടർ ധരാർ അൽ അലി പറഞ്ഞു. ചൂട് കൂടുതലുള്ള സമയങ്ങളിൽ മുൻകരുതലുകൾ എടുക്കാനും പുറം യാത്രകൾ പരിമിതപ്പെടുത്താനും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.
അതേസമയം കനത്ത വേനലിന് മുന്നേയുള്ള 'അൽബതീൻ' നക്ഷത്ര സീസൺ ഞായറാഴ്ച ആരംഭിച്ച് 13 ദിവസം നീണ്ടുനിൽക്കുമെന്ന് അൽഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു, ഇത് 'അൽകന്ന' സീസണിന്റെ അവസാന ഘട്ടത്തെയാണിത് അടയാളപ്പെടുത്തുന്നത്. ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റും ഉയർന്ന താപനിലയും ഈ ഘട്ടത്തിലെ സവിശേഷതയാണ്. വടക്കുപടിഞ്ഞാറൻ കാറ്റ് പൊടിക്കാറ്റുകൾക്ക് കാരണമാകും.
'അൽബതീൻ' ഘട്ടത്തിൽ പകൽ സമയം 13 മണിക്കൂറും 47 മിനിറ്റും വരെ നീണ്ടുനിൽക്കും. സൂര്യാസ്തമയം വൈകുന്നേരം 6.38 വരെ വൈകും. രാത്രികൾ കുറയും. അടുത്ത 13 ദിവസങ്ങളിൽ വരണ്ട കാലാവസ്ഥയും താപനിലയിൽ ക്രമേണയുള്ള വർധനവും പ്രതീക്ഷിക്കുന്നു.
കുവൈത്ത് സിറ്റി: രാജ്യത്ത് യഥാർത്ഥ വേനൽക്കാലം ജൂൺ ഏഴിന് ആരംഭിക്കുമെന്ന് അൽഉജൈരി സയന്റിഫിക് സെന്റർ. വേനൽക്കാലത്തിന്റെ യഥാർഥ തുടക്കമായി കണക്കാക്കപ്പെടുന്ന 'സുറയ' സീസണാണ് ജൂൺ ഏഴിന് ആരംഭിക്കുക. സീസൺ തുടങ്ങുന്നതോടെ അന്തരീക്ഷം വൻതോതിൽ വരണ്ടതായിത്തീരുകയും താപനില ക്രമേണ വർധിക്കുകയും ചെയ്യും.
നിലവിൽ താപനില 50ഡിഗ്രി സെൽഷ്യസിനോട് അടുക്കുന്നുണ്ട്. എന്നാൽ, വേനൽക്കാലത്തിന്റെ യഥാർഥ തുടക്കമായി കണക്കാക്കപ്പെടുന്നത് 'സുറയ' സീസൺ ആണെന്നും കേന്ദ്രം അറിയിച്ചു. ഈ സീസണിൽ മേഖലയിലെ മിക്ക രാജ്യങ്ങളിലും താപനില ഉയർന്ന നിലയിലെത്തും.
കനത്ത ചൂട് കണക്കിലെടുത്ത് ജൂൺ ഒന്നുമുതൽ ആഗസ്റ്റ് അവസാനം വരെ രാജ്യത്തെ എല്ലാ റോഡുകളിലും കൺസ്യൂമർ ഡെലിവറി മോട്ടോർസൈക്കിളുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ഈ മാസങ്ങളിൽ പകൽ സമയത്ത് പുറം ജോലികൾക്കും നിയന്ത്രണം ഉണ്ടാകും. രാവിലെ 11 മുതൽ വൈകുന്നേരം നാലുവരെയാണ് നിരോധനം. നിരോധനം പാലിക്കാത്തത് പെർമിറ്റ് വ്യവസ്ഥകളുടെ ലംഘനത്തിന് കാരണമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.