കുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന ഡ്രൈവർമാർക്ക് ഹെൽത്ത് ഫിറ്റ്നസ് കാർഡ് നിർബന്ധമാക്കുന്നു. ഒക്ടോബർ ഒന്നു മുതൽ ഇത് നിലവിൽ വരും. ഭക്ഷ്യവിതരണ കമ്പനികൾക്കുള്ള പെരുമാറ്റച്ചട്ടം രൂപവത്കരിക്കുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.
രാജ്യത്തെ ഭക്ഷ്യവിതരണ സർവിസുകൾക്ക് പ്രത്യേക പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വകുപ്പ് തലവന്മാർ യോഗം ചേർന്നിരുന്നു. വാണിജ്യ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യുട്രീഷൻ എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് വിതരണ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ഫിറ്റ്നസ് കാർഡ് നിർബന്ധമാക്കാൻ തീരുമാനിച്ചത്. ബൈക്കിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നവർക്കും ഹെൽത്ത് കാർഡ് നിർബന്ധമാണ്. വിതരണ തൊഴിലാളികൾ കമ്പനിയുടെ സ്പോൺസർഷിപ്പിലായിരിക്കണം എന്ന നിബന്ധനയുമുണ്ട്.
കുവൈത്ത് മുനിസിപ്പാലിറ്റിയുടെ അനുമതിയോടെ വിതരണ വാഹനങ്ങളിൽ കമ്പനിയുടെ സ്റ്റിക്കർ പതിച്ചിരിക്കണം. ബൈക്കായാലും കാറായാലും വിതരണം ചെയ്യുന്നയാൾ യൂനിഫോമിലായിരിക്കണം എന്നിവയാണ് പെരുമാറ്റച്ചട്ടത്തിലെ മറ്റു നിബന്ധനകൾ. പെരുമാറ്റച്ചട്ടത്തിലെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും കമ്പനി ഉടമകളോട് അധികൃതർ ആവശ്യപ്പെട്ടു. നിബന്ധനകൾ ലംഘിക്കുന്ന കമ്പനികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടി സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.