കുവൈത്ത് സിറ്റി: കാൽനടയായി കേരളത്തിൽനിന്ന് മക്കയിലെത്തി ഹജ്ജ് കർമം നിർവഹിച്ച് മടങ്ങിയവരുടെ അനുഭവങ്ങൾ നമ്മൾക്ക് അറിയാം. നൂറും നൂറ്റമ്പതും വർഷങ്ങൾ മുമ്പ് കുവൈത്തിൽനിന്ന് ഹജ്ജിന് പോയവരുടെ യാത്രകളും അനുഭവങ്ങളും കുവൈത്തി പാരമ്പര്യ വിദഗ്ധൻ മുഹമ്മദ് അബ്ദുൽ ഹാദി ജമാൽ പങ്കുവെക്കുന്നു.
മൂന്നുമാസത്തിലധികം എടുത്ത് പഴയ തലമുറ നടത്തിയ ഹജ്ജ് യാത്രകളുടെ ഒാർമകളാണ് ഇദ്ദേഹം പങ്കുവെക്കുന്നത്. ആദ്യ കാലത്ത് ഒട്ടകപ്പുറത്തും പിന്നീട് കാറുകളിലും കുവൈത്തിൽനിന്ന് മക്കയിലേക്കും മദീനയിലേക്കും നടത്തിയ യാത്രാനുഭവങ്ങളാണ് ക്രാഫ്റ്റ്സ്, പ്രൊഫഷൻസ് ആൻഡ് ഒാൾഡ് ബിസിനസ് ആക്ടിവിറ്റീസ് എന്ന പുസ്തകത്തിലൂടെ അദ്ദേഹം വരച്ചിടുന്നത്. ദുൽഖഅദ് മാസത്തിൽ ആരംഭിക്കുന്ന ഹജ്ജ് തീർഥാടനം പൂർത്തിയാക്കി മുഹർറം മാസത്തിലാണ് മടങ്ങിയെത്തിയിരുന്നത്. നൂറുകണക്കിന് ഒട്ടകങ്ങളുടെ പുറത്തായിരുന്നു യാത്ര. 50 മുതൽ 60 വരെ ഒട്ടകങ്ങളെ വാങ്ങിയോ വാടകക്കെടുത്തോ ആയിരുന്നു ഒാരോ സംഘവും യാത്ര നടത്തിയിരുന്നത്. ഒട്ടകങ്ങളെ മേയ്ക്കാൻ 30ഒാളം ബിദൂനികളെയും കൊണ്ടുപോയിരുന്നു. ഭക്ഷണം ഒഴികെ യാത്രക്ക് ഒാരോ തീർഥാടകനും അക്കാലത്ത് 150 രൂപയാണ് നൽകിയിരുന്നത്.
അൽ ഹഫാർ, അൽ നസാഫ റത്തൂവിയ്യ, ഉമ്മുൽ ജുമാജെം തുടങ്ങിയ പ്രദേശങ്ങളിലൂടെയായിരുന്നു യാത്ര. പുലർെച്ച നമസ്കാരത്തിനുശേഷം ആരംഭിക്കുന്ന യാത്രക്ക് ഉച്ചക്ക് ഇടവേളയുണ്ടാകും. ഉച്ചസമയത്തെ നമസ്കാരവും ഭക്ഷണവും കഴിഞ്ഞ് ഒട്ടകങ്ങളെ മേയാൻ അനുവദിച്ചശേഷം തുടരുന്ന യാത്ര സന്ധ്യയോടെ അവസാനിപ്പിക്കും. ഭക്ഷണം തയാറാക്കലും ഉറക്കവും എല്ലാം ടെൻറടിച്ചാണ്. ഒാരോ ദിവസവും ഇൗ രീതിയിൽ തുടരുന്ന യാത്രയിൽ ഭൂരിഭാഗം പേരും മദീനയിലേക്കാണ് പോയിരുന്നത്. അവിടെ പത്തുപതിനാലു ദിവസം ചെലവഴിച്ച് പ്രവാചകെൻറ പള്ളിയും മറ്റു ചരിത്ര സ്ഥലങ്ങളും സന്ദർശിച്ചശേഷമാണ് മക്കയിലേക്ക് പോകുക. ചിലർ നേരിട്ട് മക്കയിലേക്ക് യാത്ര തിരിക്കാറുണ്ട്. ഹജ്ജിന് പോയിരുന്നവരിൽ പലരും ടെൻറ് അടിച്ച് താമസിച്ചിരുന്നത്. ചിലർ 50 മുതൽ 80 വരെ റിയാൽ നൽകി വാടകക്കും താമസിച്ചിരുന്നു. പിന്നീട് റോഡ് മാർഗവും മറ്റുമെല്ലാം യാത്രകൾ തുടർന്നു. ഇപ്പോൾ ഏതാനും മണിക്കൂറുകൾ മാത്രം നീളുന്ന ഹജ്ജ് യാത്രകളുടെ കാലത്ത് ഇൗ അനുഭവങ്ങൾ പലർക്കും വിശ്വസിക്കാൻ പോലുമാകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.