ഹൈതം അൽ ഗൈസ്
കുവൈത്ത് സിറ്റി: എണ്ണ ഉല്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിനെ അടുത്ത ആഗസ്റ്റ് മുതൽ കുവൈത്ത് നയിക്കും. കുവൈത്തിൽ നിന്നുള്ള ഹൈതം അൽ ഗൈസിനെ അടുത്ത മൂന്നു വർഷത്തേക്കുള്ള സെക്രട്ടറി ജനറലായി നിയമിച്ചു. ഒപെകിന്റെ നിലവിലെ സെക്രട്ടറി ജനറലായ നൈജീരിയയിൽനിന്നുള്ള മുഹമ്മദ് ബാർകിൻഡോ 2016 ജൂലൈ മുതൽ രണ്ട് തവണയായി സ്ഥാനത്തുണ്ട്. ഇദ്ദേഹം 2022 ജൂലൈയിൽ സ്ഥാനമൊഴിയും. അദ്ദേഹത്തിന്റെ പിൻഗാമിയായി ഹൈതം അൽഗൈസ് ആഗസ്റ്റ് ഒന്നിന് ചുമതലയേൽക്കും. മൂന്നു വർഷമാണ് ഒപെക് സെക്രട്ടറി ജനറലിന്റെ കാലാവധി. നേരത്തെ ഒപെകിൽ ഗവർണർ ആയിരുന്ന ഹൈതം അൽ ഗൈസ് കഴിഞ്ഞ ജൂണിലാണ് സ്ഥാനമൊഴിഞ്ഞത്.
നിലവിൽ കുവൈത്ത് പെട്രോളിയം കോർപറേഷൻ ഇൻറർനാഷനൽ മാർക്കറ്റിങ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറാണ്. കുവൈത്ത് പെട്രോളിയം കോർപറേഷൻ ബെയ്ജിങ്, ലണ്ടൻ റീജനൽ ഓഫിസുകളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. ഒപെക് യോഗത്തിൽ കുവൈത്ത് പ്രതിനിധിക്ക് മുഴുവൻ അംഗ രാജ്യങ്ങളുടെയും പിന്തുണ ലഭിച്ചതായി കുവൈത്ത് പെട്രോളിയം മന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസ് പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.