കുവൈത്ത് സിറ്റി: ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ കുവൈത്ത് നിലവിലെ ചാമ്പ്യന്മാരായ ഒമാനോട് പൊരുതിത്തോറ്റു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് കുവൈത്ത് തോറ്റത്. ആദ്യപകുതിയിൽ പെനാൽറ്റിയിലൂടെ വീണ രണ്ട് ഗോളുകളാണ് കളിയുടെ വിധിയെഴുതിയത്. അബ്ദുൽ അസീസ് മുഖ്ബലിയാണ് 16, 32 മിനിറ്റുകളിൽ പെനാൽറ്റിയിലൂടെ ഒമാനുവേണ്ടി ഗോൾ നേടിയത്.
രണ്ടാം പകുതിയിൽ യൂസുഫ് നാസറിലൂടെ കുവൈത്ത് ആശ്വാസഗോൾ നേടി. ഇരുവിങ്ങുകളിലൂടെയും ആക്രമിച്ചു കയറി ഗോൾ മടക്കാൻ കുവൈത്ത് കിണഞ്ഞുശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പന്ത് കൈവശം വെച്ചതിലും പോസ്റ്റിലേക്ക് ഷോട്ട് ഉതിർത്തതിലും പാസിങ്ങിലും പാസ് കൃത്യതയിലും വേഗത്തിലും കുവൈത്താണ് മുന്നിലെങ്കിലും നിർഭാഗ്യം വിനയായി. 59 ശതമാനം സമയം കുവൈത്ത് പന്ത് കൈവശം വെച്ചു.
കുവൈത്ത് 18 ഷോട്ട് ഉതിർത്തപ്പോൾ ഒമാന് ഏഴെണ്ണം മാത്രമാണ് സാധിച്ചത്. കുവൈത്തിന് അനുകൂലമായി എട്ട് കോർണറുകളും ഒമാന് രണ്ട് കോർണറുമാണ് ലഭിച്ചത്. ജയത്തോടെ രണ്ടു കളിയിൽ നാല് പോയൻറുമായി ഒമാൻ ബി ഗ്രൂപ്പിൽ മുന്നിലെത്തി. രണ്ടു കളിയിൽ മൂന്ന് പോയൻറുള്ള കുവൈത്ത് ആണ് രണ്ടാമത്.
അടുത്ത കളിയിൽ ബഹ്റൈനെ കീഴടക്കിയാൽ കുവൈത്ത് സെമിയിലേക്ക് മുന്നേറാൻ വഴിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.