കുവൈത്ത് സിറ്റി: കാത്തിരുന്ന കാൽപന്തുകളിയുത്സവത്തിന് ആവേശോജ്ജ്വല തുടക്കം. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് 23ാമത് ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെൻറ് വെള്ളിയാഴ്ച വൈകീട്ട് 5.15ന് ഉദ്ഘാടനം ചെയ്തു. രണ്ടുവർഷത്തെ കായികവിലക്കിന് ശേഷമെത്തിയ രാജ്യാന്തര ഫുട്ബാൾ മത്സരം കുവൈത്ത് ജനത അക്ഷരാർഥത്തിൽ ഏറ്റെടുത്തതിന് തെളിവായി ഒഴുകിയെത്തിയ പതിനായിരങ്ങൾ.
ഇതുകൂടാതെ കുവൈത്തിെൻറ തെരുവുകളിലും ബിഗ് സ്ക്രീനിൽ പതിനായിരങ്ങൾ കളികണ്ടു. കനത്ത സുരക്ഷാവലയത്തിലായിരുന്നു സ്റ്റേഡിയവും പരിസരവും. ഉച്ചക്ക് ഒരുമണിക്ക് സ്റ്റേഡിയം തുറന്നുകൊടുക്കുന്നതിന് മുമ്പുതന്നെ ആളുകൾ എത്തിത്തുടങ്ങി.
വർണശബളിമയാർന്ന മാർച്ച്പാസ്റ്റും മറ്റു പ്രദർശനങ്ങളും ആകർഷകമായി. സ്റ്റേഡിയത്തിൽ 90 ശതമാനവും കുവൈത്ത് പക്ഷക്കാരായിരുന്നു. ചെറുകൂട്ടങ്ങൾ പലയിടങ്ങളിലായി പച്ചക്കൊടി വീശി സൗദിയെ പ്രോത്സാഹിപ്പിക്കാനും എത്തിയിരുന്നു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രമുഖരെല്ലാം ജാബിർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. വിപുലമായ സന്നാഹങ്ങൾ ഒരുക്കിയിട്ടും വാഹനപ്പെരുപ്പത്തെ ഉൾക്കൊള്ളാൻ നഗരി ബുദ്ധിമുട്ടി. ജാബിർ സ്റ്റേഡിയത്തിന് അനുബന്ധമായ റോഡുകളിൽ ഗതാഗത കുരുക്കില്ലാതാക്കാൻ ട്രാഫിക് വിഭാഗം കഠിനാധ്വാനം ചെയ്യുന്നുണ്ടായിരുന്നു. രണ്ടു വർഷത്തെ വിലക്ക് നീങ്ങിയശേഷം രാജ്യത്ത് വിരുന്നെത്തുന്ന രാജ്യാന്തര ടൂർണമെൻറിന് വൻ മുന്നൊരുക്കമാണ് കുവൈത്ത് നടത്തിയിരുന്നത്.
നേരത്തെ ഖത്തറിൽ നടത്താൻ നിശ്ചയിച്ച ടൂർണമെൻറ് സൗദി, യു.എ.ഇ, ബഹ്റൈൻ എന്നീ രാജ്യങ്ങൾ അവിടെ കളിക്കാൻ തയാറാവാത്തതിനെ തുടർന്നാണ് കുവൈത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്. കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, ഒമാൻ, ഖത്തർ, സൗദി, യു.എ.ഇ, യമൻ എന്നീ രാജ്യങ്ങളാണ് ടൂർണമെൻറിൽ പെങ്കടുക്കുന്നത്. കായികമേഖലയിൽ രാജ്യത്തെ യുവാക്കൾക്ക് പ്രോത്സാഹനം നൽകുന്നതിെൻറ ഭാഗമായി കുവൈത്ത് അമീറാണ് ടൂർണമെൻറിെൻറ മൊത്തം ചെലവുകളും വഹിക്കുന്നത്. ജനുവരി അഞ്ചിനാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.