കുവൈത്ത് സിറ്റി: ഗസ്സയിലേക്ക് പോകുന്നതിനിടെ ഇസ്രായേൽ പിടിച്ചെടുത്ത ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല കപ്പലിലെ കുവൈത്ത് പൗരന്മാരുടെ മോചനത്തിന് ഇടപെട്ട ബഹ്റൈൻ, ജോർഡൻ, തുർക്കിയ, മറ്റ് സഹോദര സൗഹൃദ രാജ്യങ്ങൾ എന്നിവക്ക് കുവൈത്ത് നന്ദി അറിയിച്ചു. സുമുദ് ഫ്ലോട്ടില്ലയിൽ ഉണ്ടായിരുന്ന രണ്ട് കുവൈത്ത് പൗരന്മാരാണ് കഴിഞ്ഞ ദിവസം മോചിപ്പിക്കപ്പെട്ടത്. മൂന്നാമത്തെയാളുടെ മോചനത്തിനായി ശ്രമങ്ങൾ നടത്തിവരുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മോചിതരായവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും അവർ നാട്ടിലേക്ക് മടങ്ങുകയാണെന്നും വിദേശത്തുള്ള കുവൈത്ത് പൗരന്മാരുടെ സുരക്ഷ അടിസ്ഥാന മുൻഗണനയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ ഉണ്ടായിരുന്ന കുവൈത്ത് ആക്ടിവിസ്റ്റുകളായ അബ്ദുല്ല അൽ മുതാവ, ഖാലിദ് അൽ അബ്ദുൽ ജാദർ, ഡോ. മുഹമ്മദ് ജമാൽ എന്നിവരെയാണ് ഇസ്രായേൽ കസ്റ്റഡിയിലെടുത്തത്. തങ്ങളെ ഇസ്രായേൽ സേന തട്ടിക്കൊണ്ടുപോയതായി വ്യക്തമാക്കുന്ന ഇവരുടെ വീഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിറകെ തടവുകാരുടെ സുരക്ഷ ഉറപ്പാക്കാനും മോചിപ്പിക്കാനും കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഇടപെട്ടുവരികയായിരുന്നു. വിഷയത്തിൽ ജോർഡൻ, ബഹ്റൈൻ വിദേശകാര്യ മന്ത്രാലയവും ഇടപെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.