കുവൈത്ത് സിറ്റി: ഉപരോധത്താൽ വലയുന്ന ഗസ്സയിലേക്ക് മാനുഷിക സഹായവുമായി പുറപ്പെട്ട കപ്പൽ വ്യൂഹമായ ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിലെ കുവൈത്ത് പൗരന്മാരും ഇസ്രായേൽ കസ്റ്റഡിയിൽ. ഇതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ഗൗരവത്തോടെ കാണുന്നതായും തടവിലാക്കപ്പെട്ടവരുടെ സുരക്ഷ ഉറപ്പാക്കാനും വേഗത്തിൽ മോചിപ്പിക്കാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിവരുന്നതായും വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ്യ പറഞ്ഞു. പൗരന്മാരുടെ ക്ഷേമം സർക്കാറിന്റെ മുൻഗണനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രാലയം സംഭവവികാസങ്ങൾ വളരെ താൽപ്പര്യത്തോടെ നിരീക്ഷിക്കുന്നുണ്ട്. കുവൈത്ത് പൗരന്മാരുടെ ജീവൻ സംരക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തും. അന്താരാഷ്ട്ര സംഘടനകളുമായും ബന്ധപ്പെട്ട കക്ഷികളുമായും ഏകോപിപ്പിച്ച് സ്ഥിതിഗതികൾ വേഗത്തിൽ പരിഹരിക്കുന്നതിന് നയതന്ത്ര ശ്രമങ്ങൾ തുടരുമെന്നും അബ്ദുള്ള അൽ യഹ്യ പറഞ്ഞു.
ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിൽ ഉണ്ടായിരുന്ന കുവൈത്ത് ആക്ടിവിസ്റ്റുകളായ അബ്ദുള്ള അൽ മുതാവ, ഖാലിദ് അൽ അബ്ദുൽ ജാദർ എന്നിവരെയാണ് ഇസ്രായേൽ കസ്റ്റഡിയിൽ എടുത്തത്. ഇവരെ മോചിപ്പിക്കുന്നതിനായി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ലയിലെ ജി.സി.സി പൗരന്മാരെ പ്രതിനിധീകരിക്കുന്ന ഗ്ലോബൽ മൂവ്‌മെന്റ് ടു ‘ഗസ്സ- ജി.സി.സി’ കുവൈത്ത് സർക്കാറിനോട് അഭ്യർത്ഥിക്കുന്ന വീഡിയോകൾ പുറത്തിറക്കി. തങ്ങളെ ഇസ്രായേൽ അധിനിവേശ സേന തട്ടിക്കൊണ്ടുപോയതായി ഇരുവരും വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
ഇസ്രായേലി ഉപരോധം തകർത്ത് ഗസ്സയിലേക്ക് കടൽ വഴി സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സുമുദ് ഫ്ലോട്ടില്ല ഈ വർഷം ആദ്യം സ്പെയിനിൽ നിന്നാണ് യാത്ര തിരിച്ചത്. 50 ലധികം കപ്പലുകൾ അടങ്ങുന്ന ഈ കപ്പൽ വ്യൂഹത്തിൽ 44-ലധികം രാജ്യങ്ങളെ പ്രതിനിധീകരിച്ച് പാർലമെന്റംഗങ്ങൾ, അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ, സെലിബ്രിറ്റികൾ എന്നിവരുൾപ്പെടെ ഏകദേശം 300ലധികം പേർ ഉൾപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.