കുവൈത്ത് സിറ്റി: ഒറ്റ വിസയിൽ ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കാവുന്ന ഏകീകൃത വിസ വൈകാതെ പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷ. ജി.സി.സി ഏകീകൃത വിസ ഉടൻ ആരംഭിക്കുമെന്ന് സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി വ്യക്തമാക്കി. ജി.സി.സി ആഭ്യന്തര മന്ത്രാലയങ്ങളുടെ പാസ്പോർട്ട് വകുപ്പ് മേധാവികളുടെ 39ാമത് യോഗത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകീകൃത വിസ നടപ്പാക്കുന്നതിൽ ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളുടെ സഹകരണത്തെയും ശ്രമങ്ങളെയും സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി പ്രശംസിച്ചു.
പദ്ധതിയുടെ ഔപചാരികമായ ലോഞ്ച് തീയതി വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ അന്തിമ ചട്ടക്കൂടുകൾ നിലവിൽ വരുന്നതോടെ വിസ വൈകാതെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഈ വർഷം വിസ പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ ജി.സി.സി സെക്രട്ടറി ജനറൽ അറിയിച്ചിരുന്നു.
വിസ നിലവിൽ വന്നാൽ വിനോദസഞ്ചാരികൾക്ക് ഒറ്റ വിസയിൽ ജി.സി.സി രാജ്യങ്ങളിൽ മുഴുവൻ സഞ്ചരിക്കാനാകും. പ്രാദേശിക സഹകരണം ശക്തിപ്പെടുത്തൽ, യാത്രാ അടിസ്ഥാന സൗകര്യ നവീകരണം, സാമ്പത്തിക വളർച്ച, വിനോദസഞ്ചാര മേഖല എന്നിവക്കും പദ്ധതി ഗുണകരമാകും. ജി.സി.സി രാജ്യങ്ങളിലെ പ്രവാസികൾക്കും സന്ദർശകർക്കും പദ്ധതി പ്രയോജനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.