?????? ????????????? ????????????? ??????????????

കണ്ണീര്‍ പെയ്ത സന്തോഷ സമാഗമത്തില്‍  റസൂല്‍ പൂക്കുട്ടി വീണ്ടെടുത്തത് പ്രിയ ചങ്ങാതിയെ

കുവൈത്ത് സിറ്റി: വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലന്‍െറ കഥ പറഞ്ഞ ‘കഥ പറയുമ്പോള്‍’ എന്ന സിനിമ ഓസ്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയും സുഹൃത്തായ വാടാനപ്പള്ളി സ്വദേശി സിറാജുദ്ദീനും ഒരുമിച്ച് കാണുകയാണെങ്കില്‍ ഉറപ്പായും അവര്‍ പറയും ‘ഇത് നമ്മുടെ കഥയല്ളേ’ എന്ന്. അത്രമേല്‍ സാദൃശ്യമുണ്ട് കഥയും ജീവിതവും തമ്മില്‍. ലോ കോളജില്‍ പഠിക്കുമ്പോള്‍ പോക്കറ്റില്‍ പൈസ വെച്ചുകൊടുത്ത് ‘ഇതല്ല നിന്‍െറ വഴി’ എന്നുപറഞ്ഞ് റസൂലിനെ സിനിമ പഠിക്കാന്‍ പറഞ്ഞുവിട്ട ചങ്ങാതിയാണ് സിറാജുദ്ദീന്‍ സ്രാമ്പിക്കല്‍. 
ഓസ്കര്‍ അവാര്‍ഡും നേടി സിനിമാലോകത്തിന്‍െറ നെറുകയില്‍ നില്‍ക്കുമ്പോള്‍ റസൂല്‍ തേടിനടക്കുകയായിരുന്നു പ്രിയ കൂട്ടുകാരനെ. പാതിപരിചയത്തിന്‍െറ ബലത്തിലും എങ്ങനെയൊക്കെയോ ഒപ്പിച്ച ഗ്രൂപ് ഫോട്ടോ ഫേസ്ബുക്കിലിട്ടും പൂക്കുട്ടിയുടെ പ്രിയപ്പെട്ടവരെന്ന് വമ്പുപറഞ്ഞ് പലരും നടക്കുമ്പോഴും സിറാജ് മിണ്ടിയില്ല. സെലിബ്രിറ്റിയായി കഴിഞ്ഞാല്‍ പരിചയം കാണിക്കുമോ എന്ന പേടി തീര്‍ച്ചയായും ഉണ്ടായിരുന്നു.
 തിരക്കുകളുടെ ലോകത്ത് ചങ്ങാതിക്കൊരു ബുദ്ധിമുട്ടാവേണ്ട എന്നും കരുതി. പൈസ കൊടുത്തത് അത്ര വലിയ കാര്യമായി കരുതിയിരുന്നില്ല എന്നല്ല, ഓര്‍ക്കുന്നുപോലുമുണ്ടായിരുന്നില്ല. അതെല്ലാം ചെറിയ സാധാരണ കാര്യം മാത്രമാണ് സിറാജിന്. എന്നാല്‍, റസൂലിന് ചില്ലറക്കാര്യമായിരുന്നില്ല. സിറാജുദ്ദീനെ കണ്ടുപിടിക്കാന്‍ റസൂല്‍ പൂക്കുട്ടി മുട്ടാത്ത വാതിലുകളില്ല. 
ഇതിനിടക്ക് കത്തുകളുമയച്ചു. വിലാസം കാണാപാഠമായിരുന്നു. അന്വേഷിക്കാന്‍ പറഞ്ഞുവിട്ടയാളോട് വാടാനപ്പള്ളിയിലുള്ള ഒരു ജ്വല്ലറിയുടെ പേരും പറഞ്ഞുകൊടുത്തു. ഇതൊന്നും ഡയറിയില്‍ എഴുതിവെച്ചതായിരുന്നില്ല. കാമ്പസ് സൊറകള്‍ക്കിടയില്‍ മനസ്സില്‍ പതിഞ്ഞിരുന്നതാണ്. ഒടുവില്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചപ്പോള്‍ സിറാജ് പറഞ്ഞു ‘എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. 
നീ രണ്ടുമിനിറ്റ് കഴിഞ്ഞുവിളിക്ക്. ഞാനൊന്ന് സ്വബോധം വീണ്ടെടുക്കട്ടെ’ എന്ന്. അന്ന് 45 മിനിറ്റ് സംസാരിച്ചു. പിന്നീട് പലപ്പോഴും സംസാരിച്ചു. പക്ഷേ, കാണാന്‍ കഴിഞ്ഞിരുന്നില്ല. കാണുന്നത് ഇന്നലെ കുവൈത്തില്‍ വെച്ചാണ്. 
സിറാജുദ്ദീന്‍െറ വീട്ടിലത്തെിയ റസൂല്‍ പൂക്കുട്ടിയെ കണ്ട് ഭാര്യയും കുട്ടികളും ആദ്യം ഒന്നമ്പരന്ന് മാറി. പിന്നെ വൈകാരിക നിമിഷങ്ങള്‍. 24 വര്‍ഷത്തിന്ശേഷമാണ് തമ്മില്‍ കാണുന്നത്. 
കെട്ടിപ്പിടിച്ച് കൂട്ടിയണച്ച് അവര്‍ പഴയ കൗമാരക്കാരായി. സിറാജുദ്ദീന്‍െറ വീട്ടില്‍നിന്ന് ഉച്ചക്ക് വയറുനിറച്ചുണ്ണാന്‍ വേണ്ടി രാവിലെ പ്രാതല്‍ ഒഴിവാക്കിയെന്ന് റസൂല്‍.  മിഴികളില്‍ സന്തോഷം കണ്ണീര്‍ക്കണമായി തുളുമ്പിനിന്ന സമ്മോഹന സമാഗമ നിമിഷത്തില്‍ സിനിമയിലെ ബാലനോട് മമ്മൂട്ടിയുടെ കഥാപാത്രം ചോദിക്കുന്ന ചോദ്യം റസൂലും ചോദിച്ചു ‘കാണാന്‍ പേടിയോ, എന്നോടോ’?
Tags:    
News Summary - Frendship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.