നിയമവിരുദ്ധമായി റെസിഡൻസി പെർമിറ്റ്, വ്യാജ രേഖ നിർമാണം: തട്ടിപ്പ് സംഘം പിടിയിൽ

കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി റെസിഡൻസി പെർമിറ്റുകൾ നേടാൻ ഇടപെടുകയും ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിക്കുകയും ചെയ്ത 12 അംഗ സംഘം പിടിയിൽ. വൻ തോതിൽ പണം വാങ്ങിയായിരുന്നു സംഘം പ്രവർത്തിച്ചിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വർക്ക് പെർമിറ്റുകളിൽ തെറ്റായ വിവരം ചേർക്കുന്നതിലും ഇവർ ഉൾപ്പെട്ടിരുന്നു.

റെസിഡൻസി പെർമിറ്റ് ലഭിക്കുന്നതിന് 650 ദീനാർ നൽകിയതായി ഒരു പ്രവാസി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം വലയിലായത്. പണം സ്വീകരിച്ചതായി സമ്മതിച്ച പ്രതി 11 കമ്പനികളിൽ പങ്കാളിയാണെന്നും 162 തൊഴിലാളികളുടെ രേഖകൾ ഇവിടെ ഉണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി.

ഈ കമ്പനികളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി തൊഴിലാളികൾ റെസിഡൻസി പെർമിറ്റ് ലഭിക്കുന്നതിന് 500 മുതൽ 900 ദീനാർ വരെ നൽകിയതായും തെളിഞ്ഞു. ഫാമിലി റെസിഡൻസി പെർമിറ്റുകൾ ലഭിക്കുന്നതിനായി വർക്ക് പെർമിറ്റുകളിലെ ശമ്പള വിവരം വ്യാജമായി മാറ്റാൻ ചിലർ 60 മുതൽ 70 ദീനാർ വരെ അധിക തുകകൾ നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തി.

കമ്പനികളുടെ ഒപ്പുവെക്കാൻ ഒരു പൗരനെയും കൂട്ടുപിടിച്ചിരുന്നു. ഇയാൾ പ്രതിമാസം 500 മുതൽ 600 ദീനാർ വരെ തുകകൾ സ്വീകരിച്ചിരുന്നു. കമ്പനികളുടെ ആസ്ഥാനത്ത് പരിശോധനകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബഹിന്റെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധനയും അറസ്റ്റും.

Tags:    
News Summary - Fraudsters arrested for illegally obtaining residency permits and producing fake documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.