കുവൈത്ത് സിറ്റി: ബാങ്കിൽനിന്ന് പണം പിൻവലിക്കുന്നവരെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തുന്ന സംഘം പിടിയിൽ. നാല് ആഫ്രിക്കൻ സ്വദേശികളാണ് പിടിയിലായത്. അടുത്തിടെ നിരവധി മോഷണ റിപ്പോർട്ടുകൾ രേഖപ്പെടുത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
അന്വേഷണത്തിൽ ദജീജ് ഭാഗത്തെ ബാങ്ക് ഉപഭോക്താക്കളെയാണ് തട്ടിപ്പു സംഘം ലക്ഷ്യമിടുന്നതെന്ന് സുരക്ഷ ഉദ്യോഗസ്ഥർ കണ്ടെത്തി. ബാങ്കുകളിൽനിന്ന് പണം പിൻവലിക്കുന്നവരെ പിന്തുടർന്ന് പണം തട്ടിയെടുക്കുകയായിരുന്നു രീതി. ഇതിനായി വ്യാജ നമ്പർ പ്ലേറ്റുകൾ ഉള്ള വാഹനമാണ് ഉപയോഗിച്ചിരുന്നത്. സംശയിക്കപ്പെടുന്നവരുടെ പ്രവർത്തനങ്ങളും മറ്റു വിവരങ്ങളും മനസ്സിലാക്കിയ അധികൃതർ പ്രത്യേക സുരക്ഷ സംഘം രൂപവത്കരിച്ചു.
നിരവധി ദിവസത്തെ നിരീക്ഷണത്തിനുശേഷം ദജീജിലെ ബാങ്കിന് സമീപം തട്ടിപ്പുസംഘത്തെ കണ്ടെത്തി. തുടർന്ന് വാഹനത്തിൽനിന്ന് നാലുപേരെയും ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലിൽ മോഷണം നടത്തിയതായി പ്രതികൾ സമ്മതിച്ചു. കേസുകൾ കോടതിയിൽ കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കുറ്റകൃത്യങ്ങൾ ചെറുക്കുന്നതിനും കുറ്റവാളികളെ പിടികൂടുന്നതിനും ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.