കുവൈത്ത് സിറ്റി: മലയാളികൾ ഉൾപ്പെട്ട സംഘം വ്യാജ കരാറിന്റെ പേരിൽ ഓഫിസ് തുറന്ന് നടത്തിയ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു.
ഇല്ലാത്ത പ്രോജക്ടുകളുടെ പേരിൽ കെട്ടിട നിർമാണ സാമഗ്രികൾ കടം വാങ്ങി മറിച്ചുവിറ്റ് കോടികൾ തട്ടിയതിന്റെ വിശദാംശങ്ങളാണ് ഇപ്പോൾ ലഭ്യമാവുന്നത്. ലക്ഷക്കണക്കിന് ദീനാറിന്റെ ഉൽപന്നങ്ങളാണ് വാങ്ങി മറിച്ചുവിറ്റത്. ഫെബ്രുവരി രണ്ട് തീയതിയിട്ടാണ് അഡ്വാൻസ് ചെക്ക് നൽകിയത്. ഈ ദിവസം ബാങ്കിൽ സമർപ്പിച്ച ചെക്ക് മടങ്ങി.
തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഓഫിസ് പൂട്ടി തട്ടിപ്പുകാർ സ്ഥലംവിട്ടത് അറിയുന്നത്. മൂന്ന് മലയാളികളും ഒരു ഉത്തരേന്ത്യക്കാരനുമാണ് ഇടപാടിന് മുന്നിൽ.
അണിയറയിൽ കൂടുതൽ പേർ ഉണ്ടോ എന്ന് അന്വേഷണത്തിൽ അറിയാനിരിക്കുന്നതേയുള്ളൂ. മുത്ലയിലെ ഭവന പദ്ധതിയിലും തുറമുഖത്തിലുമായി തൊഴിലാളികൾക്ക് ദിവസം ഭക്ഷണം നൽകാനുള്ള വലിയ കരാർ തങ്ങൾക്ക് ലഭിച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് കാറ്ററിങ് ഉപകരാർ നൽകി കമീഷൻ വകയിൽ കോടികൾ തട്ടിയതാണ് നേരത്തെ പുറത്തുവന്നിരുന്നത്.
രണ്ടര മാസം മുമ്പ് കുവൈത്തിൽ മികച്ച നിലയിൽ ഓഫിസും സംവിധാനങ്ങളും തുറന്ന് അതിവിദഗ്ധമായാണ് സംഘം തട്ടിപ്പ് നടത്തിയത്. ഈ ഓഫിസ് എടുപ്പിച്ചതും യുവ മലയാളി ബിസിനസുകാരനെ കൊണ്ടാണ്. വാടകയിനത്തിൽ ഇദ്ദേഹത്തിന് 12000 ദീനാർ നഷ്ടമായി. കമ്പനിയുടെ പേരിൽ അഡ്വാൻസ് ചെക്ക് ഒപ്പിട്ടുനൽകിയതിനാൽ ആരും സംശയിച്ചില്ല.
വകദ് ഇന്റർനാഷനൽ എന്ന പേരിൽ തുടങ്ങിയ കമ്പനിയുടെ ഓഫിസ് ഹവല്ലിയിലാണ്.
കമ്പനി സ്പോൺസർ അറിയാതെ സാൽമിയയിൽ ഹൈടെക് ഓഫിസ് തുറന്ന് ജീവനക്കാരെയും നിയമിച്ചാണ് റസ്റ്റാറന്റ് ഉടമകളെയും നിർമാണ സാമഗ്രി വിൽപനക്കാരെയും കബളിപ്പിച്ചത്.
തന്നെയും കബളിപ്പിക്കുകയായിരുന്നുവെന്ന് സ്പോൺസർ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. കമ്പനിയുടെ പേരിൽ വൻ തുകയുടെ നിരവധി ചെക്കുകൾ ഒപ്പിട്ടുനൽകിയതിനാൽ സ്പോൺസറും കുരുക്കിലാണ്.
ദിവസങ്ങളെടുത്ത് സൗഹൃദം സ്ഥാപിച്ചാണ് വ്യാപാരികളെ വലയിലാക്കിയത്. പലരിൽനിന്നും ക്വട്ടേഷൻ വാങ്ങിയ സംഘം വക്കീലിന്റെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടും കമ്പനിയുടെ പേരിൽ അഡ്വാൻസ് ചെക്ക് ഒപ്പിട്ടു നൽകിയും സംശയത്തിന് ഇട നൽകാതെയാണ് പദ്ധതി മുന്നോട്ടുനീക്കിയത്. റസ്റ്റാറന്റുകളുടെ ശുചിത്വം പരിശോധിച്ചും മെനു പലതവണ മാറ്റിച്ചും തട്ടിപ്പിന് മറയിട്ടു.
ദിവസവും ആയിരം പേർക്ക് ഭക്ഷണം വേണമെന്ന് പറഞ്ഞതിനാൽ കിച്ചൻ നവീകരിച്ചും പുതിയ റിക്രൂട്ട്മെന്റ് നടത്തിയും റസ്റ്റാറന്റുകൾ വലിയ തയാറെടുപ്പ് നടത്തി.
റസ്റ്റാറന്റുകളിൽനിന്ന് കമീഷൻ ഇനത്തിൽ വൻ തുക വാങ്ങിയ സംഘം ഫെബ്രുവരി രണ്ടിന് കമ്പനി പൂട്ടി മുങ്ങുകയായിരുന്നു. ഉടമകൾ മുങ്ങിയതോടെ കമ്പനി ജീവനക്കാരും പ്രതിസന്ധിയിലായി. ഇവർക്ക് രണ്ടുമാസമായി ശമ്പളം നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.