കുവൈത്ത് സിറ്റി: ജി.സി.സി രാജ്യങ്ങളിലേക്ക് വരുന്ന യൂറോപ്യൻ സഞ്ചാരികളുടെ എണ്ണത്തിൽ രണ്ടു വർഷത്തിനകം 17 ശതമാനം വർധനയുണ്ടാകുമെന്ന് റിപ്പോർട്ട്. ഏപ്രിൽ 22 മുതൽ 25 വരെ ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിന് മുന്നോടിയായി പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് 2018-2020 കാലയളവിൽ ജി.സി.സിയിലെത്തുന്ന യൂറോപ്യർ വർധിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. വിമാന സർവിസുകളുടെ വർധന, വിമാന നിരക്കുകളിലെ കുറവ്, മേഖലയിലെ ഇടത്തരം ഹോട്ടലുകളുടെ സാന്നിധ്യം തുടങ്ങിയ കാരണങ്ങളാലാണ് ഇതെന്ന് റിപ്പോർട്ട് വിശദീകരിക്കുന്നു.
2018 ഏപ്രിൽ മുതൽ 2020 വരെ 2.46 കോടി യൂറോപ്യർ ജി.സി.സി രാജ്യങ്ങളിലേക്ക് വരുമെന്നും 2015-17 കാലയളവിനെ അപേക്ഷിച്ച് 40 ലക്ഷം സഞ്ചാരികളുടെ വർധനയാണ് ഇത് കാണിക്കുന്നതെന്നും അറേബ്യൻ ട്രാവൽ മാർക്കറ്റിെൻറ ഗവേഷണ പങ്കാളിയായ കൊളിയേഴ്സ് ഇൻറർനാഷനൽ അഭിപ്രായപ്പെട്ടു. യാത്രക്കാരുടെ 81 ശതമാനവും യു.എ.ഇ, സൗദി രാജ്യങ്ങളിലേക്കായിരിക്കും. യു.എ.ഇയിൽ 1.45 കോടി, സൗദിയിൽ 54 ലക്ഷം, ഒമാനിൽ 22.1 ലക്ഷം, കുവൈത്തിൽ 7,38,000, ബഹ്റൈനിൽ 7.2 ലക്ഷവും യൂറോപ്യരെത്തും. ചരിത്രപരമായി ജി.സി.സിയും യൂറോപ്പും മികച്ച യാത്ര -വിനോദസഞ്ചാര ബന്ധം പുലർത്തുന്നുണ്ടെന്ന് അറേബ്യൻ ട്രാവൽ മാർക്കറ്റ് സീനിയർ എക്സിബിഷൻ ഡയറക്ടർ സിമോൺ പ്രസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.