കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് വിദേശികളുടെ പണമയക്കലിൽ 22 ശതമാനം കുറവ്. ഇൗ വർഷം രണ്ടാം പാദത്തിലെ പണമയക്കലാണ് ആദ്യ മൂന്നുമാസത്തെ അപേക്ഷിച്ച് 21.96 ശതമാനം കുറഞ്ഞത്. 1.35 ശതകോടി ദീനാറിൽനിന്ന് 1.056 ശതകോടി ദീനാർ ആയാണ് കുറഞ്ഞത്. കഴിഞ്ഞ വർഷം ആദ്യപാദത്തെ അപേക്ഷിച്ച് ഇൗ വർഷം ആദ്യ മൂന്നുമാസങ്ങളിൽ 12.13 ശതമാനം വർധനവാണ് ഉണ്ടായിരുന്നത്.
ഫെബ്രുവരിയിൽ അവസാനം മുതൽ കോവിഡ് പ്രതിസന്ധി ആരംഭിച്ചതും വിദേശ തൊഴിലാളികളുടെ വരുമാനത്തിലുള്ള ഇടിവുമാണ് പണമയക്കലിലും ഗണ്യമായ കുറവ് വരാൻ കാരണം. സമീപ മാസങ്ങളിൽ അൽപം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ വർഷങ്ങളുടെ അവസ്ഥയിലേക്ക് തിരിച്ചുകയറാൻ സമയമെടുക്കും. കനത്ത തൊഴിൽ പ്രതിസന്ധിയാണ് കോവിഡ് വിവിധ രാജ്യങ്ങളിൽ സൃഷ്ടിച്ചിട്ടുള്ളത്. ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞ അവസ്ഥയിൽ സാധാരണയായി വിദേശികൾ നാട്ടിൽ പണമയക്കുന്ന തോത് ഉയരാറുണ്ട്.
മികച്ച നിരക്ക് ഉണ്ടായിട്ടും അയക്കാൻ ആളുകളുടെ കൈയിൽ പണമില്ല. പ്രവാസലോകത്തുനിന്നുള്ള പണവരവ് കുറഞ്ഞത് നാട്ടിലും പ്രതിസന്ധി സൃഷ്ടിക്കും. നാട്ടിലും വിപണിയും തൊഴിലും പ്രതിസന്ധിയിലാണ്. എത്രയും വേഗം കോവിഡ് നിയന്ത്രണ വിധേയമാവുകയും സ്ഥിതി സാധാരണ നിലയിലാവുകയും വിപണി സജീവമാവുകയും ചെയ്യുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.