കുവൈത്ത് സിറ്റി: നേപ്പാളിനെതിരായ സൗഹൃദ ഫുട്ബാൾ മത്സരത്തിൽ കുവൈത്തിന് ഗോൾരഹി ത സമനില. കുവൈത്തിലെ അൽ ശബാബ് സോക്കർ ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആക്രമിച്ചുകളിച്ച കുവൈത്തിനെ നേപ്പാൾ പ്രതിരോധം പിടിച്ചുകെട്ടി. ലഭിച്ച ഗോളവസരങ്ങൾ മുതലാക്കാൻ കഴിയാതായതോടെ ഗോൾവല അനങ്ങിയില്ല.
മറുവശത്ത് കൗണ്ടർ അറ്റാക്കിൽ ഏതാനും മികച്ച അവസരങ്ങൾ നേപ്പാളിനും ലഭിച്ചു. കുവൈത്ത് ഗോൾകീപ്പറും പ്രതിരോധനിരയും വേലികെട്ടിയതോടെ സന്ദർശകരും കുഴങ്ങി. മാർച്ച് 25ന് കുവൈത്തിൽ ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടുന്നുണ്ട്. ലോകകപ്പ് യോഗ്യത മത്സരങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായി കൂടുതൽ മത്സരപരിചയം നേടുന്നതിനാണ് കുവൈത്ത് ശ്രമിക്കുന്നത്.
രണ്ടുവർഷത്തെ കായിക വിലക്കിനുശേഷം അന്താരാഷ്ട്ര മത്സരരംഗത്ത് തിരിച്ചെത്തിയ കുവൈത്ത് ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. വിരമിച്ച കുവൈത്തി താരം തലാൽ നായിഫിന് മത്സരശേഷം യാത്രയയപ്പ് നൽകി. കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ശൈഖ് അഹ്മദ് അൽ യൂസുഫ് അസ്സബാഹ് അദ്ദേഹത്തിന് ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.