ദേശീയ-വിമോചന ദിനാഘോഷ ഭാഗമായി നിറങ്ങൾ അണിഞ്ഞ നഗരം
കുവൈത്ത് സിറ്റി: അധിനിവേശ ശക്തികളിൽനിന്ന് വിമോചനം നേടി സമ്പൂർണ സ്വതന്ത്രരാജ്യമായി മാറിയതിന്റെ സ്മരണയിൽ കുവൈത്ത് 65ാമത് ദേശീയ ദിനവും 35ാമത് വിമോചന ദിനവും ആഘോഷിക്കുന്നു.
ഫെബ്രുവരി 25, 26 ദിവസങ്ങളിലാണ് കുവൈത്തിന്റെ ദേശീയ-വിമോചന ദിനം. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക ആഘോഷ പരിപാടികൾ നടക്കും. ഈ മാസം ആദ്യം ബയാൻ പാലസിൽ അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പതാക ഉയർത്തിയതോടെ ആഘോഷ പരിപാടികൾക്ക് ഔദ്യോഗിക തുടക്കമായിരുന്നു.
ആഘോഷഭാഗമായി തെരുവുകളും സർക്കാർ കെട്ടിടങ്ങളും അമീറിന്റെയും കിരീടാവകാശിയുടെയും കുവൈത്ത് പതാകയുടെയും ചിത്രങ്ങൾകൊണ്ട് അലങ്കരിച്ചിട്ടുണ്ട്. രാജ്യമെങ്ങും കൊടിതോരണങ്ങളും നിറഞ്ഞുകഴിഞ്ഞു. അതേസമയം, ഇത്തവണ റമദാനിലാണ് ആഘോഷ ദിനങ്ങൾ എന്നതിനാൽ നോമ്പിന്റെ പവിത്രത നിലനിർത്തിയാകും ചടങ്ങുകൾ.
1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. ഈ ദിനത്തിലാണ് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നത്. 1964ൽ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റി. രാജ്യത്തിന് സ്വാതന്ത്ര്യത്തിലേക്ക് വഴികാണിച്ച, ആധുനിക കുവൈത്തിന്റെ ശിൽപി എന്നറിയപ്പെടുന്ന, 11ാമത് ഭരണാധികാരി അമീർ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹിന്റെ സ്ഥാനാരോഹണം നടന്ന ഫെബ്രുവരി 25ന്റെ സ്മരണയിലാണ് ഈ ദിവസം ദേശീയ ദിനാഘോഷമായി നിശ്ചയിച്ചത്. 1991 ഫെബ്രുവരി 26 ന് ഇറാഖി അധിനിവേശത്തിൽ മുക്തി നേടിയതിന്റെ ഓർമക്കാണ് വിമോചന ദിനം ആഘോഷിക്കുന്നത്. ഇതോടെ ഫെബ്രുവരി 25, 26 തീയതികൾ രാജ്യത്തിന് ദേശീയ ആഘോഷ ദിനങ്ങളായി മാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.