കുവൈത്ത് സിറ്റി: കാമറൂണിനെതിരായ സൗഹൃദ ഫുട്ബാൾ മത്സരത്തിൽ കുവൈത്തിന് ഒന്നിനെതിരെ മൂന്നുഗോളിെൻറ തോൽവി. കുവൈത്തിലെ ജാബിർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആഫ്രിക്കൻ കരുത്തർ ആതിഥേയരെ നിഷ്പ്രഭരാക്കി. കാമറൂണിനായി ബാസ്സോഗോഗ് ഇരട്ടഗോൾ നേടിയപ്പോൾ അബൂബക്കർ ഒരുഗോൾ നേടി. യഅ്ഖൂബ് അൽ തരാർവയിലൂടെയായിരുന്നു കുവൈത്തിെൻറ മറുപടി. ആദ്യപകുതിയിൽ സന്ദർശകർ ഏകപക്ഷീയമായ രണ്ടുഗോളിന് മുന്നിലായിരുന്നു. 11ാം മിനിറ്റിൽ അബൂബക്കറിലൂടെ കാമറൂൺ ആദ്യഗോൾ നേടി. അതിെൻറ ഞെട്ടലിൽനിന്ന് മാറി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുന്നതിനിടെ വീണ്ടും കുവൈത്തിെൻറ വലയനങ്ങി. 17ാം മിനിറ്റിൽ ബസ്സോഗോഗ് ആണ് ആഫ്രിക്കൻ പടയുടെ ലീഡുയർത്തിയത്.
57ാം ബാസ്സോഗോഗ് തെൻറ രണ്ടാം ഗോൾ നേടിയതോടെ കാമറൂൺ മൂന്ന് ഗോളിന് മുന്നിൽ. എന്നാൽ, മൂന്നുമിനിറ്റിനകം കുവൈത്ത് മറുപടി നൽകി. യഅ്ഖൂബ് അൽ തരാർവയാണ് കുവൈത്തിനായി ആശ്വാസഗോൾ നേടിയത്. മൂന്നുഗോൾ ലീഡ് നേടിയതോടെ പ്രതിരോധം കനപ്പിച്ച കാമറൂണിനെതിരെ കുവൈത്തിന് വെല്ലുവിളി ഉയർത്താനായില്ല. സ്കോർ സൂചിപ്പിക്കുംപോലെ കാമറൂണിനുതന്നെയായിരുന്നു ആധിപത്യം. 31ാം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് കാമറൂൺ താരം ഒൻഡോ തൊടുത്ത ഷോട്ട് കുവൈത്ത് ഗോളി കുത്തിയകറ്റി. കുവൈത്തിന് ഇടക്കുലഭിച്ച ഒറ്റപ്പെട്ട അവസരങ്ങളും ദുർബലമായ ഷോട്ടുകളും കാമറൂൺ ഗോളി അനായാസം നിഷ്ഫലമാക്കി.
രണ്ടുവർഷത്തെ കായിക വിലക്കിനുശേഷം കളത്തിലേക്ക് തിരിച്ചെത്തിയ കുവൈത്തിന് ഇതുവരെ ഒരു ജയം സ്വന്തമാക്കാനായില്ല. കഴിഞ്ഞയാഴ്ച ജോർഡനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ കുവൈത്ത് ഒരുഗോളിന് പരാജയപ്പെട്ടിരുന്നു. ഗൾഫ് കപ്പ് ടൂർണമെൻറിൽ ആദ്യറൗണ്ടിൽ തന്നെ പുറത്താവാനായിരുന്നു കുവൈത്തിെൻറ വിധി. വിരമിക്കുന്ന മുൻ ദേശീയ ടീം ഗോൾകീപ്പർ അഹ്മദ് ജാസിമിനെ മത്സരത്തിനുമുമ്പ് ആദരിച്ചു. കായികമന്ത്രി ഖാലിദ് അൽ റൗദാൻ അഹ്മദ് ജാസിമിന് ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.