ഗസ്സയിലേക്ക് സഹായവസ്തുക്കളുമായി തയാറായ ട്രക്കുകൾ
കുവൈത്ത് സിറ്റി: കടുത്ത പ്രയാസത്തിലൂടെ കടന്നുപോകുന്ന ഗസ്സയിലേക്ക് സഹായവസ്തുക്കളുമായി കുവൈത്ത് ട്രക്കുകൾ. കുവൈത്ത് സകാത് ഹൗസ് സംഭാവന ചെയ്ത ഭക്ഷണവും അവശ്യസാധനങ്ങളും വഹിക്കുന്ന 33 ട്രക്കുകൾ കൈറോയിലെ കുവൈത്ത് ഓഫിസ് ഫോർ ചാരിറ്റബിൾ പ്രോജക്ട്സ് ഗസ്സയിലേക്ക് അയച്ചു.
‘കുവൈത്ത് വിത്ത് യുവർ സൈഡ്’ കാമ്പയിനിന്റെ ഭാഗമായി നൽകിയ 33 ട്രക്കുകളിൽ 14 എണ്ണത്തിൽ ഭക്ഷണ വസ്തുക്കളും 19 എണ്ണത്തിൽ മറ്റു അവശ്യവസ്തുക്കളും ഉൾക്കൊള്ളുന്നു. ഗസ്സയിൽ കുവൈത്ത് സഹായം എത്തിക്കുന്നത് ഉറപ്പാക്കുന്നതിന് കൈറോയിലെ ചാരിറ്റബിൾ പ്രോജക്ട് ഓഫിസിന്റെ പങ്കിനെയും ഈജിപ്ഷ്യൻ ചാരിറ്റബിൾ സംഘടനകളുമായുള്ള സഹകരണത്തെയും ഈജിപ്തിലെ കുവൈത്ത് അംബാസഡർ ഗാനിം അൽ ഗാനിം പ്രശംസിച്ചു.
വാഹനവ്യൂഹം അയക്കാൻ സഹകരിച്ച ഈജിപ്തിലെ ഒർമാൻ ചാരിറ്റി അസോസിയേഷനോടും സൗകര്യമൊരുക്കിയ മറ്റു മാനുഷിക ഏജൻസികളോടും കുവൈത്ത് ചാരിറ്റബിൾ പ്രോജക്ട് ഓഫിസ് ഡയറക്ടർ അദ്നാൻ അൽ സബ്തി നന്ദി പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഈജിപ്ഷ്യൻ പങ്കാളികളുമായി സംയുക്ത മാനുഷിക പ്രവർത്തനങ്ങൾ തുടരാനുള്ള ഓഫിസിന്റെ താൽപര്യവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.