കുവൈത്ത് സിറ്റി : വിമാനം വൈകിയതിനെത്തുടർന്ന് യാത്രക്കാരന് എയർലൈൻ 470 ദീനാർ നഷ്ടപരിഹാരം നൽകണമെന്ന് കുവൈത്ത് കോടതി.
അഞ്ച് മണിക്കൂറിലേറെ വിമാനം വൈകിയതിനെത്തുടർന്ന് യാത്രക്കാരൻ നൽകിയ പരാതിയിലാണ് കോർട്ട് ഓഫ് ഫസ്റ്റ് ഇൻസ്റ്റൻസ് (കോമേഴ്സ്യൽ ഡിവിഷൻ) ഉത്തരവ്.
കൈറോയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാനം വൈകിയതിനെത്തുടർന്ന് അഭിഭാഷകനായ മുഹമ്മദ് സഫറാണ് വാണിജ്യ വിമാനക്കമ്പനിക്കെതിരെ പരാതി നൽകിയത്. കൈറോയിൽനിന്ന് കുവൈത്തിലേക്കുള്ള വിമാനം 2024 ജൂൺ 30ന് രാത്രി 8.05ന് പുറപ്പെട്ട് രാത്രി 11.05ന് എത്തേണ്ടതായിരുന്നു. എന്നാൽ വിമാനം അഞ്ച് മണിക്കൂറിലധികം വൈകി ജൂലൈ ഒന്നിന് പുലർച്ചെ 1.45നാണ് പുറപ്പെട്ടത്.
വിമാനം സമയം വൈകുമെന്ന കാര്യം എന്നെ മുൻകൂട്ടി അറിയിച്ചിരുന്നില്ല. വിമാനം വൈകിയതോടെ പ്രധാനപ്പെട്ട ക്ലയന്റ് അപ്പോയിന്റ്മെന്റുകൾ റദ്ദായി. തനിക്ക് നേരിട്ട ഭൗതികവും ധാർമികവുമായ നഷ്ടങ്ങൾക്ക് 5,001 കുവൈത്ത് ദിനാർ വേണമെന്നും വിമാനക്കമ്പനിക്കെതിരെ സഫർ സമർപ്പിച്ച പരാതിയിൽ വ്യക്തമാക്കി.
സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം വാണിജ്യ എയർലൈനിനാണെന്ന് സ്ഥിരീകരിച്ച കോടതി 470 ദീനാർ നൽകാൻ ഉത്തരവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.