കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികളെ ലക്ഷ്യം വെച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്നയാൾ കൂടുതൽ പേരെ വഞ്ചിച്ചതായി തെളിയുന്നു. ഞായറാഴ്ച 'ഗർഫ് മാധ്യമ'ത്തിൽ വാർത്തവന്നതോടെ തട്ടിപ്പിനിരയായതായി വ്യക്തമാക്കി നിരവധി പേർ രംഗത്തുവന്നു. കുവൈത്തിൽ ഡ്രൈവറായി ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിക്ക് വൻ തുകയാണ് നഷ്ടപ്പെട്ടത്. ഒമ്പതുമാസം മുമ്പാണ് പ്രതി ഇയാളെ സമീപിച്ചത്. ഉപയോഗിച്ച് ഒഴിവാക്കുന്ന എ.സികൾ കുറഞ്ഞ വിലക്ക് എടുക്കാമെന്നും, പുറംകവർ മാറ്റി മറിച്ചുവിറ്റാൽ വൻ തുക ലാഭം ലഭിക്കുമെന്നും പറഞ്ഞാണ് എത്തിയത്. ഇതിനായി ആദ്യം കുറച്ചു തുക മുടക്കണം. 1000 ദിനാറിന് മാസവും 200 ദിനാർ ലാഭം നൽകുമെന്നും അറിയിച്ചു. ഇതിൽ വിശ്വസിച്ച് യുവാവ് 5000 ദിനാർ സംഘടിപ്പിച്ചു നൽകി. സുഹൃത്തുകൾ പലരുമായി 14000 ദീനാറും നൽകി. നാട്ടിൽ വീടിന്റെ ആധാരം പണയപ്പെടുത്തിയും പണം പലിശക്ക് വാങ്ങിയുമാണ് യുവാവ് പണം നൽകിയത്.
എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും ലാഭവും മുതലും കിട്ടിയില്ല. ഇതിനിടെ നാട്ടിൽ സഹോദരിയുടെ വിവാഹത്തിനും പണം ആവശ്യമായി വന്നു. ഇതോടെ പണം ആവശ്യപ്പെട്ട് പ്രതിയെ സമീപിച്ചെങ്കിലും ഒഴിഞ്ഞുമാറി. വിളിക്കുമ്പോൾ ഫോൺ എടുക്കാതെയുമായി. പലതവണ വിളിക്കുമ്പോൾ ഒരു തിയതി പറയും, ആ ദിവസം വിളിച്ചാൽ ദിവസം മാറ്റി പറയും. നിരന്തരം വിളിച്ചപ്പോൾ പലതവണയായി ചെറിയ തുക മടക്കി നൽകി. ഇനിയും വൻ തുക തിരികെ കിട്ടാനുണ്ട്.
പണം നഷ്ടപെടുകയും കടം കയറുകയും ചെയ്തതോടെ യുവാവ് വലിയ കടുത്ത പ്രയാസത്തിലാണ്. പണം കൊടുക്കാനുള്ളവർ വീട്ടിൽ എത്തി പ്രശ്നമുണ്ടാക്കി തുടങ്ങിയിട്ടുണ്ട്. കുവൈത്തിൽ ചെറിയ ശമ്പളത്തിന് ഡ്രൈവർ ജോലി ചെയ്യുകയാണ്. കിട്ടുന്നത് മുഴുവൻ കുവൈത്തിൽ തന്നെ കടം വീട്ടാൻ വേണം. വീട്ടിലേക്കയക്കാൻ ഒന്നും ബാക്കിയുണ്ടാകില്ല. ലാഭം ഒന്നും വേണ്ട, മുടക്കുമുതലെങ്കിലും കിട്ടിയാൽ കടത്തിൽ നിന്ന് രക്ഷപ്പെടാം എന്ന പ്രതീക്ഷയിലാണ് യുവാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.