കുവൈത്ത് സിറ്റി: രാജ്യത്തെ വിവിധ ഇന്ത്യന്‍ സ്കൂളുകളിൽ കാർണിവലിനായി വിദ്യാർഥികളെ ഉപയോഗിച്ച് നടത്തുന്ന പണപ്പിരിവ് വീണ്ടും സജീവം. നേരത്തേ പ്രതിഷേധത്തെ തുടർന്ന് നിർത്തിയ പണപ്പിരിവ് അടുത്തിടെ വീണ്ടും സജീവമായിരിക്കുകയാണ്. സ്കൂളുകളിലെ ആഘോഷങ്ങൾക്കും അനുബന്ധ പരിപാടികൾക്കും രക്ഷിതാക്കളിൽനിന്നും കുട്ടികളില്‍നിന്നും പണം ഈടാക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലത്തിന്റെ നിർദേശം നിലനില്‍ക്കെയാണ് ഈ നിര്‍ബന്ധിത പിരിവ്. കുട്ടികളിലും രക്ഷിതാക്കളിലും ഇതിനെതിരായ പ്രതിഷേധം ശക്തമാണ്. എന്നാൽ, കുട്ടികളുടെ തുടർപഠനത്തെ ബാധിക്കുമോ എന്നതിനാൽ മിക്കവരും ഇതിനെതിരെ രംഗത്തുവരുന്നില്ല.
ആഘോഷങ്ങൾക്കും അനുബന്ധ പരിപാടികൾക്കും വിദ്യാര്‍ഥികളെ കൂപ്പണുമായി വീടുകളിലേക്ക് പിരിവിനായി അയക്കുകയാണ് സ്കൂളുകളുടെ രീതി. ചെറിയ ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരു ദീനാർ വിലയുള്ള അഞ്ചു കൂപ്പണുകളും മുതിർന്ന ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരു ദീനാര്‍ വിലയുള്ള 10 കൂപ്പണുകളുമാണ് ക്ലാസ് ടീച്ചര്‍ വഴി സ്കൂള്‍ വിതരണം ചെയ്യുന്നത്. ഈ കൂപ്പണുകൾ മറ്റുള്ളവർക്ക് നൽകി പണം തിരികെ കൊണ്ടുവരണം എന്നാണ് നിബന്ധന.
ഇതോടെ ഫ്ലാറ്റുകളിലും വീടുകളിലും കുട്ടികൾ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. ഒരേ ഫ്ലാറ്റില്‍തന്നെ നിരവധി കുട്ടികളാണ് പിരിവിനെത്തുന്നത്. എങ്ങനെയെങ്കിലും കൂപ്പണുകൾ ചെലവഴിക്കാൻ തെരുവിൽ അലയുന്ന കുട്ടികളും ഉണ്ട്. തണുപ്പിലും മഴയത്തും കുട്ടികള്‍ വീടുകള്‍ കയറിയിറങ്ങുന്നത് ഒഴിവാക്കാൻ മുഴുവൻ കൂപ്പണുകളും സ്വയം വാങ്ങിയാണ് പല രക്ഷിതാക്കളും പ്രശ്നം പരിഹരിക്കുന്നത്. സ്കൂൾ ഫീസിനും മറ്റു ചെലവിനും പുറമെ ഇത്തരം കൂപ്പണുകൾക്കും പണം മുടക്കേണ്ട അവസ്ഥയിലാണെന്ന് ചില രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.
അതേസമയം, ഇത്തരം പിരിവിനെതിരെ വിദ്യാഭ്യാസ മന്ത്രാലയത്തിനു നൽകിയ പരാതിയിൽ ഉദ്യോഗസ്ഥർ വിശദാംശങ്ങൾ ആരാഞ്ഞതായി ഒരു രക്ഷിതാവ് അറിയിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണാൻ വിദ്യാഭ്യാസവകുപ്പിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായും രക്ഷിതാവ് വ്യക്തമാക്കി. സ്കൂളുകളിലെ ഇത്തരം വിഷയങ്ങളിൽ മുബാറക് അൽ കബീറിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ പരാതി നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.