ഫർവാനിയ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിൽ
കുവൈത്ത് സിറ്റി: നൂതന ശസ്ത്രക്രിയയിലൂടെ ഒരു വയസ്സില്‍ താഴെയുള്ള രണ്ട് കുട്ടികളുടെ ജീവന് രക്ഷിച്ച് കുവൈത്തി ഡോക്ടര്‍മാര്‍. ഫർവാനിയ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗമാണ് അപൂർവ ശസ്ത്രക്രിയ നടത്തിയത്. എൻഡോസ്കോപ്പിക് എക്സ്റ്റേണൽ മെംബ്രൺ ഓക്സിജൻ (ഇ.സി.എം.ഒ) സംവിധാനം ഉപയോഗിച്ച് കുട്ടികളുടെ ഓപറേഷൻ നടത്തിയാണ് ഡോക്ടർമാര്‍ ശ്രദ്ദേയ നേട്ടം കൈവരിച്ചത്. രക്തം ശരീരത്തിന് പുറത്ത് കൃത്രിമ ഹൃദയ ശ്വാസകോശ യന്ത്രത്തിലേക്ക് പമ്പ് ചെയ്യപ്പെടുകയും അതില്‍നിന്ന് കാർബൺ ഡൈ ഓക്സൈഡ് നീക്കംചെയ്ത് ഓക്സിജൻ അടങ്ങിയ രക്തം ശരീരകോശങ്ങളിലേക്ക് തിരികെ അയക്കുകയും ചെയ്യുന്നതാണ് ഇ.സി.എം.ഒ. അഞ്ചു മാസവും ഒമ്പതു മാസവും പ്രായമുള്ള കുട്ടികളെയാണ് ഈ രീതിയിൽ ഓപറേഷൻ നടത്തിയത്.
രക്തശുദ്ധീകരണ പ്രക്രിയ
ഫർവാനിയ ആശുപത്രിയിലെ ഡോ. മുഹമ്മദ് ഷംസ, ഡോ. സാദ് അൽ-ഒതൈബി, ഡോ. വാലിദ് ഹസ്സൻ എന്നിവരാണ് അപൂർവ ശസ്ത്രക്രിയയിലൂടെ ആരോഗ്യമേഖലക്ക് അഭിമാനമായത്. ആദ്യമായാണ് കുട്ടികളുടെ ഓപറേഷനിൽ രാജ്യത്ത് എൻഡോസ്കോപ്പിക് എക്സ്റ്റേണൽ മെംബ്രൺ ഓക്സിജൻ (ഇ.സി.എം.ഒ) സംവിധാനം ഉപയോഗിക്കുന്നത്.
സങ്കീര്‍ണമായ ശസ്ത്രക്രിയയായിരുന്നുവെന്നും എന്നാല്‍, വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതായും ഫർവാനിയ ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. അഹമ്മദ് അൽ ഹാജ് പറഞ്ഞു. കുവൈത്ത് ആരോഗ്യമേഖലയുടെ അപൂർവനേട്ടം അന്താരാഷ്ട്ര മെഡിക്കൽ ജേണലുകളിൽ പ്രസിദ്ധീകരിക്കുമെന്നും ഡോ. അഹമ്മദ് അൽ ഹാജ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.