കുവൈത്ത് സിറ്റി: രാജ്യത്ത് ഫാമിലി വിസ അനുവദിക്കുന്നതിലുള്ള നടപടികൾ പുനരാരംഭിക്കുന്നതിന് തുടക്കം. ഇതിന്റെ ആദ്യഘട്ടമായി കുട്ടികളെ കൂടെ ചേർക്കാനുള്ള വിസ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയതായി അൽ ഖബസ് പത്രം റിപ്പോർട്ടു ചെയ്തു. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് ആദ്യ അവസരം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എമിഗ്രേഷൻ, പാസ്പോർട്ട് അഫയേഴ്സ് വകുപ്പുകൾ ഇത്തരം അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയതായാണ് റിപ്പോർട്ട്. കുട്ടികൾക്ക് വിസ ലഭിക്കുന്നതിന് ആവശ്യമായ എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അപേക്ഷ സ്വീകരിക്കുന്നത്. തിങ്കളാഴ്ച മുതൽ എല്ലാ എമിഗ്രേഷൻ വകുപ്പുകളും ഫാമിലി വിസ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.
കോവിഡ് പശ്ചാത്തലത്തിലാണ് കുവൈത്തിൽ ഫാമിലി വിസ അനുവദിക്കുന്നത് നിർത്തിവെച്ചത്. കോവിഡ് നീങ്ങിയതിനു പിറകെ പുനരാരംഭിച്ചിരുന്നുവെങ്കിലും പുതിയ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി ജൂണില്‍ വീണ്ടും നിര്‍ത്തിവെച്ചു.
കുട്ടികൾക്ക് വിസ അനുവദിക്കുന്നതിന് പിറകെ അടുത്ത ഘട്ടത്തിൽ ഭാര്യ/ഭർത്താവ്, മാതാപിതാക്കൾ, രക്തബന്ധുക്കൾ തുടങ്ങിയവർക്ക് വിസ അനുവദിക്കുമെന്നാണ് വിവരം.
അതേസമയം, കുടുംബ വിസ ലഭിക്കാനുള്ള ശമ്പള പരിധി 500 ദീനാറായി ഉയര്‍ത്തിയതായും സൂചനകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.