കുവൈത്ത് സിറ്റി: വ്യാജ പൗരത്വം കണ്ടെത്താൻ ഊർജിത ശ്രമങ്ങളുമായി രണ്ടാംഘട്ട കാമ്പയിൻ വൈകാതെ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വ്യാജ പൗരത്വം തെളിയിക്കാൻ ഡി.എൻ.എ പരിശോധന നടത്തുന്നത് ഉൾപ്പെടെ പരിഗണിക്കുന്നുവെന്ന് മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.
പഴയ രേഖകൾ പരിശോധിക്കൽ, കുടുംബാംഗങ്ങളുടെ ഏറ്റുപറച്ചിലിൽ തുടരന്വേഷണം എന്നിവ സജീവമാക്കും. വ്യാജ രേഖകൾ ചമച്ചും അനധികൃതമായും കുവൈത്ത് പൗരത്വം നേടിയ ഒരാളെയും വെറുതെവിടില്ലെന്നും ഇക്കാര്യത്തിൽ ആരെയും സ്വാധീനം ചെലുത്താൻ അനുവദിക്കില്ലെന്നും നിലവിൽ എത്ര ഉന്നത പദവിയിലിരിക്കുന്നയാൾ ആണെങ്കിലും പൗരത്വം റദ്ദാക്കുമെന്നുമാണ് ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസുഫ് അസ്സബാഹിന്റെ നിലപാട്.
ഇസ്റാഅ് -മിഅ്റാജ് അവധി, ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസുഫ് അസ്സബാഹിന്റെ വിദേശ സന്ദർശനം എന്നീ കാരണങ്ങളാലാണ് കഴിഞ്ഞ രണ്ടാഴ്ചകളിൽ പൗരത്വം സംബന്ധിച്ച് രൂപവത്കരിച്ച ഉന്നതതല സമിതി യോഗം ചേരാതിരുന്നത്.
യു.എ.ഇ, ഈജിപ്ത്, ജോർഡൻ, ഒമാൻ സന്ദർശനം കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തിയാൽ യോഗം ചേരും. അതേസമയം, യഥാർഥ പൗരന്മാർക്ക് ആശങ്കയുടെ ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി. സുപ്രീം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ മാസങ്ങളിലെ പരിശോധനയിൽ പതിനായിരക്കണക്കിന് പേരുടെ പൗരത്വമാണ് കുവൈത്ത് റദ്ദാക്കിയത്.
കുവൈത്തികൾക്കുള്ള വിവിധ സർക്കാർ ആനുകൂല്യങ്ങൾ സ്വന്തമാക്കാനാണ് അനധികൃതമായി പൗരത്വം നേടുന്നത്. പാർപ്പിടവും സൗജന്യ വിദ്യാഭ്യാസ- ചികിത്സാ സൗകര്യങ്ങളും റേഷൻ ഉൾപ്പെടെ ആനുകൂല്യങ്ങളുമാണ് ആളുകളിൽ കുവൈത്തി പൗരത്വം നേടാനുള്ള ആഗ്രഹമുണ്ടാക്കുന്നത്. പാസ്പോർട്ട് - പൗരത്വ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് പണവും പാരിതോഷികങ്ങളും നൽകിയാണ് നിരവധി പേർ കുവൈത്തി പൗരത്വം കരസ്ഥമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.