കുവൈത്ത് സിറ്റി: വ്യാജ ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗൾഫ് എയർ വിമാനം അടിയന്തിരമായി ഇറക്കി. കുവൈത്തിലേക്കുള്ള യാത്രക്കിടെയാണ് വിമാനത്തിൽ ബോംബ് വെച്ചതായ ഭീഷണി എത്തിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വക്താവ് അബ്ദുല്ല അൽ രാജ്ഹി പറഞ്ഞു. തുടർന്ന് സുരക്ഷാ നടപടിക്രമങ്ങൾ പാലിച്ച് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
ആഭ്യന്തര മന്ത്രാലയം, ബന്ധപ്പെട്ട അധികാരികൾ എന്നിവയുടെ പൂർണ ഏകോപനത്തിലും ഡി.ജി.സി.എ പ്രസിഡന്റ് ശൈഖ് ഹുമൂദ് മുബാറക് ഹുമൂദ് അൽ ജാബിർ അസ്സബാഹിന്റെ സാന്നിധ്യത്തിലുമായിരുന്നു നടപടികൾ. യാത്രക്കാരുടെയും വിമാനത്താവളത്തിന്റെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തിയായിരുന്നു നീക്കം. ഇത്തരം ഭീഷണികളെ നേരിടാൻ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കിയതായും അൽ രാജ്ഹി പറഞ്ഞു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഷെഡ്യൂൾ ചെയ്ത വിമാനങ്ങളെ ഈ സംഭവം ബാധിച്ചിട്ടില്ലെന്നും അൽ രാജ്ഹി വ്യക്തമാക്കി. ബോംബ് ഭീഷണി മുഴക്കിയയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ നടപടികൾ സ്വീകരിച്ചു. വിമാനത്തിലും വിമാനത്താവളത്തിലും സുരക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷാ വിഭാഗങ്ങളുമായി സഹകരിച്ച് ജാഗ്രത തുടരും. ഉയർന്ന തലത്തിലുള്ള സുരക്ഷയും ചട്ടങ്ങളും പ്രോട്ടോക്കോളുകളും പ്രകാരമുള്ള നടപടികളും ഉറപ്പുവരുത്തും. രാജ്യത്തെ വ്യോമയാന സുരക്ഷ നിലനിർത്തുന്നതിനുള്ള പ്രതിബദ്ധത വ്യക്തമാക്കിയ ഡി.ജി.സി.എ എല്ലാ വിഭഗത്തിന്റെയും സഹകരണത്തെ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.