പ്രവാസി ജനസംഖ്യ നിയന്ത്രണം: അടിയന്തര ഉത്തരവിലൂടെ പ്രവാസി റെസിഡൻസി നിയമം പാസാക്കില്ല

ഉത്തരവ് കോടതി റദ്ദാക്കുമോയെന്ന ആശങ്കയിലാണ് പുനരാലോചന

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള റെസിഡൻസി നിയമം അടിയന്തര സ്വഭാവമുള്ള ഉത്തരവിലൂടെ പാസാക്കാനുള്ള നീക്കത്തിൽനിന്ന് സർക്കാർ പിൻവലിഞ്ഞതായി റിപ്പോർട്ട്. ദേശീയ കൗൺസിൽ ചേരാത്തപ്പോൾ പെട്ടെന്ന് നിയമനിർമാണം വേണ്ടിവരുന്ന വിഷയങ്ങളിലാണ് 'അടിയന്തര ഉത്തരവ്'ഇറക്കുകയെന്ന ഭരണഘടനവ്യവസ്ഥ സർക്കാർ ഉപയോഗപ്പെടുത്താറുള്ളത്. ഉത്തരവ് പിന്നീട് ദേശീയ കൗൺസിലിന് മുന്നിൽവെച്ച് വോട്ടിനിട്ട് പാസാക്കിയാൽ ഔദ്യോഗിക നിയമമാവും.

വ്യവസ്ഥകൾക്ക് അനുസൃതമല്ലെന്ന് ചൂണ്ടിക്കാട്ടി അടിയന്തര ഉത്തരവ് കോടതി റദ്ദാക്കുമോയെന്ന ആശങ്കയാണ് പുനരാലോചന. അടിയന്തര ഉത്തരവുകളിൽ ദേശീയ കൗൺസിൽ അംഗങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനും അതിന് അടിയന്തര സ്വഭാവമില്ലെന്ന് കണ്ടാൽ എതിരായി വോട്ട് ചെയ്യാനും അവകാശമുണ്ട്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് രൂപവത്കരിക്കുന്ന ദേശീയ അസംബ്ലിയിൽ റെസിഡൻസി നിയമത്തിന് അംഗീകാരം നേടാനാണ് ആലോചന.

രാജ്യത്തെ ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കാനായി വിവിധ മേഖലകളിൽ പ്രവാസികളുടെ എണ്ണം കുറച്ച് സ്വദേശിവത്കരണം നടപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം നടപടി എടുത്തുവരുകയാണ്. ഇതിനിടയിലാണ് റെസിഡൻസി നിയമത്തെക്കുറിച്ചുള്ള ചർച്ചയും. ജനസംഖ്യ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടിക്ക് നേതൃത്വം നൽകാനായി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.

പ്രവാസി റെസിഡൻസി നിയമത്തിന്റെ കരട് ദേശീയ അസംബ്ലിയും ആഭ്യന്തര, പ്രതിരോധ സമിതികളും ചർച്ച ചെയ്തിട്ടുണ്ട്. ഈ നിയമത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. പ്രവാസികളുടെ താമസാവകാശവും മറ്റും അപഹരിക്കപ്പെടുമ്പോൾ നഷ്ടപരിഹാരത്തിനുള്ള നിയമനടപടികൾ കൈക്കൊള്ളാനുള്ള വാതിലുകൾ രാജ്യത്ത് തുറക്കപ്പെടുന്നുമുണ്ട്.

Tags:    
News Summary - Expatriate Population Control: The Expatriate Residency Act will not be passed by emergency order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.