കുവൈത്ത് സിറ്റി: പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് അനുവദിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം പുതിയ ചട്ടങ്ങൾ തയാറാക്കുന്നു. പുതിയ സർക്കാർ രൂപവത്കരണത്തിനുശേഷം ഇത് അനുമതിക്കായി ആഭ്യന്തര മന്ത്രിക്ക് സമർപ്പിക്കുമെന്ന് കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു.
ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്നതാണ് പുതിയ വ്യവസ്ഥയിൽ പ്രധാനമായത്. പ്രത്യേക വിഭാഗം തൊഴിലുകൾക്ക് മാത്രമേ ഡ്രൈവിങ് ലൈസൻസ് ലഭിക്കൂ എന്നും ചട്ടത്തിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തെ ഗതാഗതക്കുരുക്കും റോഡിലെ വാഹനങ്ങളുടെ എണ്ണവും കുറക്കുകയുമാണ് ലക്ഷ്യം. പ്രവാസി വാഹനയാത്രക്കാരുടെ എണ്ണം കൂടുതലായതാണ് ഗതാഗത പ്രശ്നങ്ങൾക്കു പ്രധാന കാരണമെന്നാണ് ട്രാഫിക് പഠനങ്ങളുടെ വിലയിരുത്തൽ.
അതേസമയം, ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കാത്ത പ്രവാസികൾക്കെതിരായ നടപടി രാജ്യത്ത് തുടരുകയാണ്. കുവൈത്തിൽ കുറഞ്ഞത് രണ്ടു വർഷം ജോലി ചെയ്യുകയും കുറഞ്ഞത് 600 ദിനാർ ശമ്പളവും ബിരുദവുമുള്ള പ്രവാസികൾക്കാണ് രാജ്യത്ത് ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ അനുമതി. ലൈസൻസിന് അപേക്ഷിക്കുന്ന സമയത്തുള്ള ഈ യോഗ്യതകൾ പിന്നീട് നഷ്ടപ്പെട്ടാൽ ലൈസൻസൻ സറണ്ടർ ചെയ്യണം.
എന്നാൽ, പലരും ലൈസൻസ് റദ്ദാക്കാറില്ല. ഇത്തരക്കാരെ പിടികൂടി അധികൃതർ ലൈസൻസ് റദ്ദാക്കുന്നുണ്ട്. രണ്ടു ലക്ഷം ലൈസൻസുകൾ ഇത്തരത്തിൽ പിൻവലിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിങ് ലൈസന്‍സുകളാണ് നല്‍കിയിരിക്കുന്നത്.
ഇവയില്‍ എട്ടു ലക്ഷത്തോളം ഡ്രൈവിങ് ലൈസന്‍സുകള്‍ വിദേശികളുടെ പേരിലാണ്. മാനദണ്ഡങ്ങൾ പാലിക്കാത്ത 2000 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് ഈ വർഷം ആദ്യത്തിൽ റദ്ദാക്കിയിരുന്നു. ലൈസൻസ് റദ്ദാക്കിയിട്ടും വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ ഇത്തരക്കാരെ നാടുകടത്തുന്നതടക്കമുള്ള നടപടി സ്വീകരിക്കും. പരിശോധനകൾ തുടരുമെന്നും നടപടികളിൽ ഇളവുനൽകില്ലെന്നും ആഭ്യന്തര മന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു.
പ്രവാസികൾക്ക് ലൈസൻസ് ലഭിക്കാൻ നിലവിലുള്ള മാനദണ്ഡമായ 600 ദിനാർ ശമ്പളവും ബിരുദവും എന്നതിൽ മാറ്റംവന്നാൽ നിരവധിപേർക്ക് വാഹനം ഓടിക്കാനാകില്ല. നിലവിലുള്ള 600 ദിനാർ പ്രവാസികളുടെ ശരാശരി ശമ്പളത്തിനും മുകളിലാണ്.
അതിനിടെ, വാഹനങ്ങളുടെ സാങ്കേതിക പരിശോധനയുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങളും ട്രാഫിക് വിഭാഗം പുറപ്പെടുവിക്കും. 15 വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ തടയലാണ് ഇതിൽ പ്രധാനം. പരിസ്ഥിതി പൊതു അതോറിറ്റിയുടെ പങ്കാളിത്തത്തോടെ ട്രാഫിക് വിഭാഗം വാഹനപരിശോധന സമഗ്രമായ രീതിയിൽ നടപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.