ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ്

അ​ൽ ജാ​ബി​ർ

അ​സ്സ​ബാ​ഹ്

അമീർ ഇനി അമര സ്മരണ

കുവൈത്ത് സിറ്റി: രാജ്യപുരോഗതിയിൽ ശ്രദ്ധേയ സംഭാവനകൾ അർപ്പിക്കുകയും കുവൈത്ത് ഭരണനേതൃത്വത്തിൽ അരനൂറ്റാണ്ടോളം നിറഞ്ഞുനിൽക്കുകയും ചെയ്ത അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇനി അമരസ്മരണ.

കുവൈത്തിന്റെ 16ാമത് അമീർ മരണത്തിന് കീഴടങ്ങി. 86 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന അമീറിനെ ആരോഗ്യപ്രശ്നങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് നവംബർ 29ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ആരോഗ്യം തൃപ്തികരമായെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരിച്ചതായി അമീരി ദിവാൻകാര്യ മന്ത്രി അറിയിച്ചു.

ശൈഖ് നവാഫിന്റെ നിര്യാണത്തോടെ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് പുതിയ അമീറായി ചുമതലയേറ്റു.

അമീറിന്റെ മരണത്തെ തുടർന്ന് രാജ്യത്ത്‌ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സർക്കാർ, അർധസർക്കാർ പൊതുമേഖല സ്ഥാപനങ്ങൾ ഞായർ മുതൽ മൂന്ന് ദിവസം അവധി ആയിരിക്കും. ഗവർണർ, ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി, സാമൂഹ്യകാര്യ-തൊഴിൽ മന്ത്രി, ഉപപ്രധാനമന്ത്രി, കിരീടാവകാശി, അമീർ എന്നിങ്ങനെ ഭരണാധികാരിയെന്ന നിലയില്‍ രാജ്യപുരോഗതിയിൽ ശ്രദ്ധേയ സംഭാവനകൾ അർപ്പിച്ച വ്യക്തിയാണ് ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്.

കോവിഡിന്റെയും എണ്ണ വിലയിടിവിന്റെയും അടക്കം വലിയ വെല്ലുവിളികൾക്കിടയിൽ രാജ്യഭരണം ഏറ്റെടുത്ത ശൈഖ് നവാഫ് കുവൈത്തിനെ സുസ്ഥിരമായ സാമ്പത്തികഭദ്രതയിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ജി.സി.സിയിലെയും അറബ് മേഖലയിലെയും രാഷ്ട്രങ്ങൾക്കിടയിൽ കുവൈത്തിന്റെ നിർണായക ഇടപെടലുകൾക്കും ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്. ലോകരാഷ്ട്രങ്ങളിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിൽ ശൈഖ് നവാഫിന്റെ ശ്രദ്ധയും കരുതലും എന്നും ഉണ്ടായിരുന്നു.

കുവൈത്ത് മുൻ അമീർ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെയും യമാമയുടെയും ആറാമത്തെ മകനായി 1937 ജൂൺ 25നാണ് കുവൈത്ത് രാജകുടുംബത്തിൽ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ ജനനം. 2020 സെപ്റ്റംബറില്‍ ശൈഖ് സബ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചതിന് പിന്നാലെ കുവൈത്ത് അമീറായി ചുമതലയേറ്റു.

2006 ഫെബ്രുവരി ഏഴുമുതൽ ദീർഘകാലം കിരീടാവകാശിയായി ചുമതലകൾ വഹിച്ചിരുന്നു.

1961ൽ ഹവല്ലി ഗവർണറായി ഔദ്യോഗിക ജീവിതമാരംഭിച്ച ശൈഖ് നവാഫ്, ’78ലും പിന്നീട് 86-88 കാലത്തും ആഭ്യന്തരമന്ത്രിയായും 88ലും 90ലും പ്രതിരോധ മന്ത്രിയായും സേവനമനുഷ്ഠിച്ചു. ’91ൽ തൊഴിൽ-സാമൂഹിക മന്ത്രാലയത്തിന്റെ ചുമതല വഹിച്ച അദ്ദേഹം, ’94ൽ നാഷനൽ ഗാർഡ് മേധാവിയായി. 2003ൽ ഉപപ്രധാനമന്ത്രി, ആഭ്യന്തര മന്ത്രിസ്​ഥാനങ്ങൾ വഹിച്ച ശേഷമാണ് കിരീടാവകാശിയായി നിയമിതനായത്. 2020 സെപ്റ്റംബർ 29 മുതൽ അമീറായി രാജ്യത്തെ നയിച്ചു.

ഭാര്യ: ശരീഫ സുലൈമാൻ അൽ ജാസിം. മക്കൾ: ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്, ശൈഖ് ഫൈസൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, ശൈഖ് അബ്ദുല്ല അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, ശൈഖ് സലീം അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, ശൈഖ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്.

Tags:    
News Summary - Emir of Kuwait passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.