കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സംഘടനകൾക്ക് എംബസിയുടെ മൂക്കുകയർ. ഇതിെൻറ ഭാഗമായി ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത പ്രവാസി സംഘടനകളുടെ എണ്ണം മൂന്നിലൊന്നായി വെട്ടിക്കുറച്ചു. എംബസി വെബ്സൈറ്റിൽ 280 സംഘടനകൾ നിലവിലുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 96 സംഘടനകൾ മാത്രമേ ഉള്ളൂ. മലയാളി സംഘടനകളുടെ എണ്ണം 140ൽനിന്ന് 25 ആയി കുറഞ്ഞിട്ടുണ്ട്. മാനദണ്ഡങ്ങൾക്കനുസരിച്ച് പുനഃപരിശോധന നടത്തിയാണ് നിരവധി സംഘടനകളെ ഒഴിവാക്കിയത്.
നാട്ടിലെ രാഷ്ട്രീയ പാർട്ടികളുടെ പോഷക ഘടകങ്ങൾ, മതസംഘടനകൾ, പ്രാദേശിക കൂട്ടായ്മകൾ, നവമാധ്യമ കൂട്ടായ്മകൾ, ജില്ല അസോസിയേഷനുകൾ, ഒരേ തൊഴിലെടുക്കുന്നവരുടെ കൂട്ടായ്മ, കലാ സാംസ്കാരിക സംഘടനകൾ, ജീവകാരുണ്യ സംഘടനകൾ, റസിഡൻറ്സ് അസോസിയേഷനുകൾ എന്നിവയെല്ലാമായി കുവൈത്തിൽ ഇന്ത്യൻ സംഘടനകളുടെ ബാഹുല്യമാണ്.
ഒരു ജില്ലയുടെയും താലൂക്കിെൻറയും പേരിൽ തന്നെ ഒന്നിലധികം സംഘടനകളുണ്ട്. നേരത്തെ മാനദണ്ഡങ്ങൾ പാലിക്കാതെ രജിസ്ട്രേഷൻ നൽകിയിരുന്നതുകൊണ്ടാണ് അംഗീകൃത സംഘടനകളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായതെന്നാണ് വിലയിരുത്തൽ. മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ച് രജിസ്ട്രേഷൻ ക്രമപ്പെടുത്താനാണ് എംബസി ആലോചിക്കുന്നത് എന്നാണ് അറിയുന്നത്. നിരവധി പ്രമുഖ സംഘടനകളുടെ പേര് ഇപ്പോൾ എംബസിയുടെ വെബ്സൈറ്റിൽ ഇല്ല. ജില്ല അസോസിയേഷനുകൾ ഒന്നും തന്നെയില്ല. കുവൈത്തിൽ രാഷ്ട്രീയ സംഘടനാ പ്രവർത്തനം പാടില്ലെങ്കിലും ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളുടെ അനുഭാവികൾ സാംസ്കാരിക സംഘടനയെന്ന പേരിൽ കുവൈത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ ചിലതിനെയും പട്ടികയിൽനിന്ന് നീക്കിയിട്ടുണ്ട്.
ജില്ല അസോസിയേഷനുകളുമായി ബന്ധപ്പെട്ട അവകാശത്തർക്കങ്ങൾ പുതിയ അംബാസഡറുടെ മുന്നിൽ എത്തിയിരുന്നു. തുടർന്ന് വ്യവസ്ഥകൾക്കനുസരിച്ച് മൊത്തത്തിൽ ക്രമപ്പെടുത്താൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.