തെരഞ്ഞെടുപ്പ് സൈനികരുള്‍പ്പെടെ  4000 പേര്‍ക്ക് സുരക്ഷാ ചുമതല

കുവൈത്ത് സിറ്റി: ഈമാസം 26ന് നടക്കുന്ന 15ാം പാര്‍ലമെന്‍റിലേക്കുള്ള തെരഞ്ഞെടുപ്പ് നടപടികളുടെ സുഗമമായ നടത്തിപ്പിന് പൊലീസ്-സൈനിക ഉദ്യോഗസ്ഥരടക്കം 4000 പേരെ നിയമിച്ചു. കുവൈത്ത് ന്യൂസ് ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ ആഭ്യന്തരമന്ത്രാലയത്തിലെ പബ്ളിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് മേധാവി കേണല്‍ ആദില്‍ അല്‍ ഹശ്ശാശാണ് ഇക്കാര്യം വ്യക്തമാക്കിയത്. 
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമെ സിവില്‍ സര്‍വിസില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പങ്കാളികളാവും. തങ്ങളുടെ ഹിതം ജനാധിപത്യ രീതിയില്‍ പ്രതിഫലിപ്പിക്കാനുള്ള ജനങ്ങളുടെ അവകാശത്തിന് കുറ്റമറ്റരീതിയില്‍ സൗകര്യമൊരുക്കിക്കൊടുക്കാന്‍ ആഭ്യന്തരമന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. ആരുടെയും സമ്മര്‍ദവും പ്രലോഭനവും കൂടാതെ സുരക്ഷിതമായി വോട്ടുചെയ്യാനുള്ള സാഹചര്യം ഒരുക്കുകയാണ് ഇതുവഴി ലക്ഷ്യമാക്കുന്നത്. 
വീട്ടില്‍നിന്ന് പുറപ്പെടുന്ന വോട്ടര്‍മാരെ യാത്രാ തടസ്സങ്ങളില്ലാതെ ബൂത്തുകളിലത്തൊന്‍ സഹായിക്കുന്ന തരത്തില്‍ ഗതാഗത തടസ്സം ഇല്ലാതാക്കും. ഇതിനായി കൂടുതല്‍ ട്രാഫിക് ഉദ്യോഗസ്ഥരെ  നിയമിച്ചിട്ടുണ്ട്. അവശരും വൃദ്ധരുമായ വോട്ടര്‍മാരെ സഹായിക്കാനും സൈനിക- പൊലീസ് ഉദ്യോഗസ്ഥരുണ്ടാവും. 
അഞ്ചു പ്രധാന പോളിങ് സ്റ്റേഷനുകളുള്‍പ്പെടെ രാജ്യത്തെ 105 സ്കൂളുകളിലാണ് വോട്ടുചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ വോട്ടിങ് സംബന്ധമായ സംശയങ്ങള്‍ തീര്‍ക്കുന്നതിന് പോളിങ് ദിവസം വോട്ടര്‍മാര്‍ക്കായി 10 സ്കൂളികളില്‍ പ്രത്യേക സെന്‍ററുകള്‍ തുറക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെയായി ഓരോ മണ്ഡലങ്ങളിലും രണ്ട് ഇന്‍ഫര്‍മേഷന്‍ സെന്‍ററുകളാണുണ്ടാകുക. 
അതിനിടെ, തെരഞ്ഞെടുക്കപ്പെട്ട കോഓപറേറ്റിവ് സൊസൈറ്റികളിലും പ്രധാന വാണിജ്യ സ്ഥാപനങ്ങളിലും തെരഞ്ഞെടുപ്പ് ഹെല്‍പ് ഡെസ്കുകള്‍ ഇപ്പോള്‍തന്നെ സജ്ജീകരിച്ചതായി ആദില്‍ ഹശ്ശാശ് പറഞ്ഞു. 
സ്വദേശികള്‍ക്ക് സിവില്‍ ഐഡി കാണിച്ച് പോളിങ് സ്റ്റേഷന്‍ ഏതാണെന്ന് ഉറപ്പുവരുത്താനും ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ കരസ്ഥമാക്കാനും ഇതുവഴി സാധിക്കുമെന്നും ആദില്‍ ഹശ്ശാശ് കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.