കുവൈത്ത് സിറ്റി: കുവൈത്തില്‍ 15ാം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് ആവേശകരമായ പ്രതികരണം. തണുപ്പിനെ അവഗണിച്ച് രാവിലെ മുതല്‍ പോളിങ് ബൂത്തുകള്‍ സജീവമായി. രാവിലെ പോളിങ് മന്ദഗതിയിലായിരുന്നുവെങ്കിലും ഉച്ച കഴിഞ്ഞ് പലയിടത്തും നീണ്ട ക്യൂ ദൃശ്യമായിരുന്നു.
പലയിടത്തും സ്ത്രീകളുടെയും കുട്ടികളുടെയും തിരക്ക് അനുഭവപ്പെട്ടു. രാവിലെ വോട്ട് ചെയ്യാനത്തെിയവരിലധികവും ചെറുപ്പക്കാരായിരുന്നു. രാവിലെ എട്ടിനാരംഭിച്ച പോളിങ് രാത്രി എട്ടുവരെ നീണ്ടു. ശനിയാഴ്ച രാത്രിതന്നെ ഫലമറിയാവുന്ന രീതിയിലാണ് ക്രമീകരണം. ബഹിഷ്കരണം അവസാനിപ്പിച്ച് പ്രതിപക്ഷ, ഇസ്ലാമിസ്റ്റ് കക്ഷികള്‍ സജീവമായത് തെരഞ്ഞെടുപ്പിനെ കൂടുതല്‍ ശ്രദ്ധേയമാക്കി. രാജ്യത്തെ അഞ്ച് പാര്‍ലമെന്‍റ് മണ്ഡലങ്ങളിലേക്കാണ് ശനിയാഴ്ച തെരഞ്ഞെടുപ്പ് നടന്നത്. ഓരോ മണ്ഡലത്തില്‍നിന്ന് 10 പേര്‍ തെരഞ്ഞെടുക്കപ്പെടുന്നതാണ് തെരഞ്ഞെടുപ്പ് രീതി. 105 സ്കൂളുകളിലായിരുന്നു പോളിങ് ബൂത്തുകള്‍. ഇതിനുപുറമെ വോട്ടിങ് സംബന്ധമായ സംശയങ്ങള്‍ തീര്‍ക്കുന്നതിന് 10 സ്കൂളുകളില്‍ പ്രത്യേക സെന്‍ററുകള്‍ തുറന്നിരുന്നു. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെയായി ഓരോ മണ്ഡലങ്ങളിലും രണ്ട് ഇന്‍ഫര്‍മേഷന്‍ സെന്‍ററുകളാണ് തുറന്നത്. പൗരത്വരേഖ നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്തവര്‍ക്കായി താല്‍ക്കാലിക പൗരത്വരേഖ കൊടുക്കാന്‍ പാസ്പോര്‍ട്ട്-പൗരത്വകാര്യ വകുപ്പില്‍ സംവിധാനം ഏര്‍പ്പെടുത്തിയത് പലരും വിനിയോഗിച്ചു. തെരഞ്ഞെടുപ്പ് ദിവസത്തേക്കുമാത്രം പ്രാബല്യമുള്ളതാണ് ഈ രേഖ. തെരഞ്ഞെടുപ്പ് പ്രമാണിച്ച് കനത്ത സുരക്ഷാവലയത്തിലായിരുന്നു കുവൈത്ത്.
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളെയും മന്ത്രാലയത്തിന്‍െറ ഓപറേഷന്‍ ഡിപ്പാര്‍ട്മെന്‍റുമായി ബന്ധിപ്പിച്ചു. പൊലീസ്, ദേശീയ ഗാള്‍ഡ്, വനിതാ പൊലീസ് ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷ ഉറപ്പുവരുത്താനും വോട്ടര്‍മാര്‍ക്ക് സൗകര്യമേര്‍പ്പെടുത്താനും സജീവമായി ഇടപെട്ടു. 15,000 സുരക്ഷാ ഉദ്യോഗസ്ഥരെയായിരുന്നു വിന്യസിച്ചിരുന്നത്.
രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ ആയിരുന്നു പോളിങ് സമയം. 4,83,186 വോട്ടര്‍മാരാണ് ആകെയുള്ളത്. ഇതില്‍ 52.31 ശതമാനം സ്ത്രീ വോട്ടര്‍മാരും 47.69 ശതമാനം പുരുഷ വോട്ടര്‍മാരുമാണ്. ഇറാഖ്, ജോര്‍ഡന്‍, ലബനാന്‍, സുഡാന്‍, യു.എ.ഇ, ഒമാന്‍, സൗദി അറേബ്യ, മൊറോക്കോ, തുനീഷ്യ, ലിബിയ എന്നീ അറബ് രാജ്യങ്ങളില്‍നിന്നും ജപ്പാന്‍, നെതര്‍ലന്‍ഡ്സ്, ആസ്ട്രേലിയ എന്നിവിടങ്ങളില്‍നിന്നുമായി 75 നിരീക്ഷകരാണ് കുവൈത്തിലത്തെിയിട്ടുള്ളത്.
അഞ്ച് മണ്ഡലങ്ങളിലെയും പോളിങ് ബൂത്തുകളില്‍ സംഘം സന്ദര്‍ശനം നടത്തി. പല രക്ഷകര്‍ത്താക്കളും കുട്ടികളെയും കൂട്ടിയാണ് പോളിങ് കേന്ദ്രങ്ങളിലത്തെിയത്. കുട്ടികളില്‍ ജനാധിപത്യ അവബോധമുണ്ടാക്കാനും വോട്ടിങ് രീതികളുമായി പരിചയപ്പെടാനും സാധിക്കുമെന്നതിനാലാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് വോട്ടറായ നഹ്യാന്‍ അല്‍ അഹ്മദ് പറഞ്ഞു. സുസ്ഥിര
പാര്‍ലമെന്‍റ് നിലവില്‍ വരുത്താനും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സാധിക്കട്ടേയെന്ന് വോട്ടര്‍മാര്‍ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.