നാടകരംഗത്ത് മുഖവുര ആവശ്യമില്ലാതെ അറിയുന്ന പേരാണ് ആര്‍ട്ടിസ്റ്റ് സുജാതന്‍. പതിറ്റാണ്ടുകളായി നാടകവേദികളില്‍ മുഴങ്ങിയ ഒരു വാചകമുണ്ട്. ‘രംഗപടം സുജാതന്‍’. പ്രായാധിക്യത്തിന്‍െറ അവശതയില്‍ സുജാതന്‍ മാഷ് അല്‍പം വിശ്രമമെടുക്കുന്നതിനുമുമ്പ് ഈ രംഗത്ത് മറ്റു പേരുകള്‍ കേട്ടവര്‍ വിരളമാണ്. നാടകമെഴുത്തും സംവിധാനവും ആരുമാവട്ടെ, നാടക സമിതി ഏതുമാവട്ടെ കേരളത്തിലെ പ്രഫഷനല്‍ നാടകങ്ങള്‍ക്ക് രംഗം ഒരുക്കിയിരുന്നത് സുജാതന്‍ മാഷായിരുന്നു. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകം കുവൈത്തില്‍ അരങ്ങിലത്തെുമ്പോള്‍ താങ്ങും തണലുമായി നില്‍ക്കാന്‍ എത്തിയ അദ്ദേഹം ‘ഗള്‍ഫ് മാധ്യമ’വുമായി സംസാരിക്കുന്നു.
•എന്താണ് കേരളത്തിലെ സമകാലിക നാടകാവസ്ഥ
-നാടകം എന്ന കല നശിക്കുകയില്ല. കേരളത്തിലെ സാമൂഹിക മാറ്റത്തിന് നിര്‍ണായക സംഭാവനയര്‍പ്പിച്ച ശക്തമായ കലയും മാധ്യമവുമാണ് നാടകം. കഴിഞ്ഞതിന്‍െറ മുമ്പത്തെ ദശകത്തില്‍ മലയാള നാടകരംഗത്തിന് ഒരു ക്ഷീണം സംഭവിച്ചിട്ടുണ്ടെന്നത് സത്യമാണ്. ഏകദേശം 1995 മുതല്‍ 2005 വരെ കാലയളവില്‍. എന്നാല്‍, തളര്‍ച്ചക്കുശേഷം നാടകം തിരിച്ചുവരുന്നതും കൂടുതല്‍ ആളുകള്‍ നാടകത്തോട് താല്‍പര്യം കാണിക്കുന്നതും സന്തോഷമുള്ള കാര്യമാണ്.
• എന്താണ് ഈ തളര്‍ച്ചക്ക് കാരണം?
-പല കാരണങ്ങളുണ്ട്. ടെലിവിഷന്‍ പരിപാടികള്‍ സജീവമായതോടെ ആളുകള്‍, പ്രത്യേകിച്ച് കുടുംബങ്ങള്‍ നാടകം കാണാന്‍ പോവുന്നതിന് താല്‍പര്യം കാണിക്കാതായി. കളര്‍ഫുളായ വിനോദോപാധികള്‍ വീടിനകത്തുതന്നെ ലഭ്യമായത് നാടകം പിന്നോട്ടടിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
•കാലത്തിനനുസരിച്ച് നാടകം നവീകരിക്കപ്പെടാതിരുന്നത് തിരിച്ചടിയായിട്ടില്ളേ?
-തീര്‍ച്ചയായും. ഉദാഹരണത്തിന് പ്രേംനസീറിന്‍െറ കാലത്തെ സിനിമയല്ല ഇന്നത്തെ സിനിമ. അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ് ഓരോ വര്‍ഷവും ഉണ്ടാവുന്നത്. പുതിയ ആളുകള്‍ വരുന്നു, പുതിയ രീതികള്‍ വരുന്നു, പുതിയ സങ്കേതങ്ങള്‍ വരുന്നു. എന്നാല്‍, ദൗര്‍ഭാഗ്യകരമെന്നുപറയട്ടെ മൂന്നു ദശകം മുമ്പ് നാടകം എങ്ങനെയാണോ അതില്‍നിന്ന് വലിയ മാറ്റമൊന്നും ഇന്നും ഉണ്ടായിട്ടില്ല. ഒരു പാറ്റേണില്‍നിന്ന് കറങ്ങുകയാണ്. കാണികള്‍ക്ക് കൃത്യമായി പ്രവചിക്കാന്‍ കഴിയുന്ന വിധം അഥവാ അവരുടെ മുന്‍വിധികളെ ശരിപ്പെടുത്തുന്ന വിധമുള്ള നാടകങ്ങള്‍ ആളുകളെ ആകര്‍ഷിക്കാതായിട്ടുണ്ട്. അടുത്തിടെ ഉണ്ടായ മാറ്റങ്ങളെ കാണാതെയല്ല ഇത് പറയുന്നത്. അതിന്‍െറ ഗുണവും അനുഭവവേദ്യമാണ്.
•പ്രമേയത്തിലാണോ അവതരണത്തിലാണോ പുതുമ നഷ്ടപ്പെട്ടത്?
-രണ്ടും. അവതരണത്തിലാണ് കൂടുതല്‍ പുതുമ നഷ്ടപ്പെട്ടത്. ഇതുപറയുമ്പോള്‍ സ്റ്റേജിന്‍െറ പരിമിതിയെപ്പറ്റി പറയാതിരിക്കാനാവില്ല. സിനിമപോലെ വിശാലമായ കാന്‍വാസ് നാടകത്തിന് ലഭിക്കുന്നില്ല. സാങ്കേതികവിദ്യയുടെ പുരോഗതിയും സിനിമക്ക് വലിയ തോതില്‍ ഗുണം ചെയ്തു. അതേസമയം, നാടകത്തില്‍ ലൈറ്റിങ്ങിലും രംഗം ഒരുക്കുന്നതിലുമൊക്കെ കുറച്ച് ഗുണമുണ്ടായിട്ടുണ്ട്.
•അമച്വര്‍ നാടകവേദിയില്‍ കുറെക്കൂടി പുതുമയും വൈവിധ്യവും കാണാനാവില്ളേ?
-നേരത്തേ പറഞ്ഞ സ്റ്റേജിന്‍െറ പരിമിതി കൂടുതലായി അനുഭവപ്പെടുന്നത് പ്രഫഷനല്‍ സംഘങ്ങള്‍ക്കാണ്. അമച്വര്‍ സംഘങ്ങള്‍ക്ക് തെരുവിലും പറമ്പിലുമെല്ലാം എങ്ങനെയും കളിക്കാം. ചട്ടക്കൂടിന്‍െറ പ്രശ്നവും അത്രതന്നെ അമച്വര്‍ നാടകങ്ങള്‍ക്ക് ഇല്ല. അമച്വര്‍ നാടകരംഗത്ത് പുതിയ ആളുകള്‍ കൂടുതലായി വരുന്നത് നല്ല കാര്യമാണ്. പ്രഫഷനല്‍ നാടകങ്ങള്‍ക്ക് പുതിയ ആളുകളെ കിട്ടുന്നില്ല. 18 വയസ്സായ പെണ്‍കുട്ടിയുടെ വേഷം അഭിനയിക്കുന്നത് 55 വയസ്സായവരാണ് എന്നതില്‍ കവിഞ്ഞ് മറ്റെന്തു തെളിവുവേണം ഇതിന്. ഒരടിസ്ഥാനവും ഇല്ലാത്ത മുന്‍വിധികളും തെറ്റിദ്ധാരണകളും ഈ രംഗത്തേക്ക് ആളുകളെ കിട്ടാത്തതിന് കാരണമാണ്. വരുമാനവും പ്രശ്നമാണ്. നാടകാഭിനയം പ്രഫഷന്‍ ആക്കി ജീവിക്കാന്‍ കഴിയുന്ന അവസ്ഥയില്ല. കഷ്ടമാണ് അവരുടെ കാര്യം. കലയോടുള്ള അഭിനിവേശം കൊണ്ട് മാത്രമാണ് പലരും ഈ രംഗത്ത് തുടരുന്നത്.
•ഈ കാലത്തെ സ്കൂള്‍ നാടകങ്ങളെ എങ്ങനെ വിലയിരുത്തുന്നു ?
-അവക്കും അതിന്‍േറതായ ചട്ടക്കൂടുകള്‍ ഉണ്ട്. സ്ഥിരം ആളുകള്‍, സ്ഥിരം രീതികള്‍ ഒക്കത്തെന്നെയാണ് ആ മേഖലയിലും അരങ്ങുതകര്‍ക്കുന്നത്. സ്കൂള്‍, അമച്വര്‍, പ്രഫഷനല്‍ വ്യത്യാസമില്ലാതെ പറയാനാവും ‘നവീകരിക്കാതെ നാടകങ്ങള്‍ക്ക് നിലനില്‍പില്ല’
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.