കുവൈത്തിൽ ജൂലൈയിൽ വിവാഹത്തേക്കാൾ വിവാഹ മോചനം കൂടുതൽ

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ജൂലൈയിൽ വിവാഹത്തേക്കാൾ കൂടുതൽ വിവാഹമോചനങ്ങൾ. പൊതുവെ വിവാഹമോചന നിരക്ക്​ കൂടുതലാണ്​ രാജ്യത്തെങ്കിലും വിവാ​ഹത്തേക്കാൾ കൂടുതലായി ഒരു മാസത്തിൽ വിവാഹമോചനം നടക്കുന്നത്​ ആദ്യമായാണ്​. ലീഗൽ ഡോക്യുമെൻറ്​ ഡിപ്പാർട്മെൻറ്​ കണക്കുകൾ അനുസരിച്ച്​ 622 വിവാഹങ്ങളാണ്​ കഴിഞ്ഞമാസം നടന്നത്​. 

അതേസമയം, 818 വിവാഹ മോചനവും നടന്നു. കോവിഡ്​ കാലമായതിനാൽ വിവാഹങ്ങൾ കുറവായത്​ ഇതിനൊരു കാരണമാണ്​. ലോക്​ഡൗൺ കാലത്ത്​ കൂടുതൽ സമയം കുടുംബത്തിൽ തന്നെ കഴിയുന്നത്​​ തർക്കങ്ങൾ വർധിക്കാൻ കാരണമായതായി വിദഗ്​ധരെ ഉന്നയിച്ച്​ പ്രാദേശിക പത്രം റിപ്പോർട്ട്​ ചെയ്​തു. സാമ്പത്തിക പ്രശ്​നങ്ങളും നിരവധി കുടുംബങ്ങളിൽ അസ്വാരസ്യങ്ങളുണ്ടാക്കി. സാമ്പത്തിക പ്രയാസങ്ങൾ മൂലമുള്ള മാനസിക സമ്മർദം കുടുംബ ബന്ധങ്ങളെ ബാധിച്ചതായും വിദഗ്​ധർ സാക്ഷ്യപ്പെടുത്തുന്നു. പൊതുവിൽ 60 ശതമാനത്തിനടുത്താണ്​ കുവൈത്തിൽ വിവാഹമോചന നിരക്ക്​. കഴിഞ്ഞവർഷം നടന്ന വിവാഹബന്ധങ്ങളിൽ പകുതിയോളം വിവാഹമോചനത്തിൽ കലാശിച്ചു. 

വിവാഹമോചനം വർധിക്കുന്നത്​ ഭാവിയിൽ സാമൂഹികജീവിതത്തി​െൻറ താളംതെറ്റിക്കാനും തുടർന്ന് ജനങ്ങളിൽ അരക്ഷിതാവസ്​ഥക്കും കാരണമായേക്കുമെന്നും സാമൂഹികക്ഷേമ മന്ത്രാലയം ഭയക്കുന്നു​. ബോധവത്​കരണത്തിലൂടെ വിവാഹമോചനം കുറക്കാൻ അധികൃതർ ശ്രമിച്ചുവരുന്നു​. കുവൈത്തികൾ തമ്മിലുള്ള വിവാഹങ്ങളാണ്​ അധികവും തകരുന്നത്​. ഇക്കാരണങ്ങളാൾ പല സ്വദേശികൾക്കും വിദേശികളെ വിവാഹം ചെയ്യാനാണ്​ താൽപര്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.