കുവൈത്ത് സിറ്റി: ആഴിയുടെ ആഴങ്ങളിൽനിന്ന് വാരിയ മുത്തുകളുമായി അവർ കരയണഞ്ഞു. കരയിൽ കൺപാർത്തിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷപൂർവം മുത്തം ചാർത്തി വരവേറ്റു. 31ാമത് ദേശീയ മുത്തുവാരൽ ഉത്സവത്തിെൻറ ഭാഗമായി ഒരാഴ്ച മുമ്പ് ഖൈറാൻ ദ്വീപിലേക്ക് പോയ സംഘമാണ് കൈനിറയെ മുത്തുകളുമായി തിരികെയെത്തിയത്. 13 പായ്ക്കപ്പലുകളിലായി 195 യുവാക്കളടങ്ങുന്ന സംഘമാണ് വ്യാഴാഴ്ച വൈകീട്ട് സാൽമിയ തീരത്ത് മടങ്ങിയെത്തിയത്. മുത്തുവാരൽ സംഘത്തെ സ്വീകരിക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പേർ തീരത്ത് നിലയുറപ്പിച്ചിരുന്നു. പൈതൃകോത്സവ ഭാഗമായി കടലാഴങ്ങൾ താണ്ടി തിരിച്ചെത്തിയവർക്ക് വീരോചിത വരവേൽപ്പാണ് സാൽമിയ സീ സ്പോർട്സ് ക്ലബ് പരിസരത്ത് ഒരുക്കിയത്.
അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അസ്സബാഹിെൻറ പ്രതിനിധിയായി സാമൂഹിക ക്ഷേമകാര്യ മന്ത്രി സഅദ് അൽ ഖറാസ് വരവേൽപ്പ് ചടങ്ങിൽ പങ്കെടുത്തു. മുങ്ങിയെടുത്ത മുത്തുകൾ സംഘം ബന്ധുമിത്രാദികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. ഇവ അമീറിന് കാഴ്ച വെക്കുന്നതോടെ 31ാമത് മുത്തുവരാൽ ഉത്സവത്തിന് ഔദ്യോഗിക പരിസമാപ്തിയാകും. കഴിഞ്ഞ വ്യാഴാഴ്ചയാണ് മുത്തുവാരൽ സംഘം സാൽമിയ തീരത്തുനിന്ന് യാത്ര ആരംഭിച്ചത്. നാടൻപാട്ടുകളുടെയും താളവാദ്യങ്ങളുടെയും അകമ്പടിയോടെയാണ് നാടിെൻറ വീരനായകന്മാരെ സ്വീകരിച്ചത്. മൂന്നു പതിറ്റാണ്ട് മുമ്പാണ് മുത്തുവാരൽ ഉത്സവമാക്കി ആഘോഷിക്കാൻ തുടങ്ങിയത്. രാജ്യം സമ്പന്നതയിൽ കുളിച്ചുനിൽക്കുമ്പോഴും മുമ്പുള്ള വറുതിയുടെ കാലത്തെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ മുത്തുവാരൽ മറക്കാത്ത പഴയ തലമുറക്കൊപ്പം പുതുതലമുറയും ചേരുന്ന കാഴ്ചയായിരുന്നു സാൽമിയ തീരത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.