മദ്യം, മയക്കുമരുന്ന് കുറ്റകൃത്യങ്ങളില്‍  28 ശതമാനത്തിന്‍െറ കുറവെന്ന് റിപ്പോര്‍ട്ട്

കുവൈത്ത് സിറ്റി: രാജ്യത്ത് മദ്യവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ തോതില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഈവര്‍ഷം 28 ശതമാനത്തിന്‍െറ കുറവുണ്ടായതായി റിപ്പോര്‍ട്ട്. കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് തയാറാക്കിയ സ്ഥിതിവിവര കണക്കിലാണ് ഇക്കാര്യം സൂചിപ്പിക്കപ്പെട്ടത്. മയക്കുമരുന്ന്- മദ്യലോബികള്‍ക്കെതിരെ ആഭ്യന്തരമന്ത്രാലയം കൈക്കൊണ്ട ശക്തമായ നടപടികളാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ കുറക്കാന്‍ ഇടയാക്കിയതെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. 
ഈവര്‍ഷം ആരംഭിച്ചത് മുതല്‍ ആഭ്യന്തരമന്ത്രി ശൈഖ് മുഹമ്മദ് അല്‍ ഖാലിദ് അസ്സബാഹിന്‍െറ നിര്‍ദേശ പ്രകാരം മയക്കുമരുന്നിനെതിരെ വന്‍ റെയ്ഡുകളാണ് നടന്നത്. രാജ്യചരിത്രത്തിലെ ഏറ്റവും വലിയ മദ്യ- മയക്കുമരുന്ന് ശേഖരവും ഇതിനിടെ പിടികൂടുകയുണ്ടായി. അതേസമയം, കരുതിക്കൂട്ടിയുള്ള കൊലപാതകങ്ങളുടെ തോതില്‍ ഒരു ശതമാനത്തിന്‍െറ കുറവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് താമസിക്കുന്നവരില്‍ 70,000 പേര്‍ മയക്കുമരുന്നിനടിമയാണെന്ന ഞെട്ടിക്കുന്ന കണക്കുകള്‍ക്ക് പിന്നാലെ വന്ന പുതിയ റിപ്പോര്‍ട്ട് ആശ്വാസം നല്‍കുന്നതാണ്. 
മയക്കുമരുന്നിന്‍െറ ലോകത്തുനിന്ന് യുവാക്കളെ രക്ഷിക്കാന്‍ അധികൃതര്‍ ബോധവത്കരണ കാമ്പയിന്‍ ഫലം ചെയ്തെന്നാണ് ഇതില്‍നിന്ന് വ്യക്തമാവുന്നത്. കുവൈത്തിനെ അന്താരാഷ്ട്ര മയക്കുമരുന്ന് ലോബികള്‍ ഉന്നം വെക്കുന്നുവെന്ന വിലയിരുത്തലിന്‍െറ പശ്ചാത്തലത്തില്‍ അധികൃതര്‍ മയക്കുമരുന്ന് വേട്ട ശക്തമാക്കിയിരുന്നു. ആയിരത്തിലേറെ മയക്കുമരുന്ന് കേസുകളാണ് ഈ വര്‍ഷം മാത്രം രേഖപ്പെടുത്തിയത്. രണ്ടു കോടിയിലേറെ ലഹരി ഗുളികകള്‍ ഇക്കാലയളവില്‍ പിടികൂടി. 420 കിലോ കഞ്ചാവാണ് ആദ്യ എട്ടുമാസത്തിനിടെ പിടികൂടിയത്. ആഗസ്റ്റ് വരെയായി 1374 പേരെ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറുകയും 235 പേരെ നാടുകടത്തുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യ എട്ടുമാസത്തിനിടെ കണക്കുകള്‍ പ്രകാരം അമിതമായ മയക്കുമരുന്ന് ഉപയോഗം കാരണം സ്വദേശികളും വിദേശികളും ഉള്‍പ്പെടെ 25 പേരാണ് മരിച്ചത്. 
 

Tags:    
News Summary - Crime

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.