കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസ് ബാധ തടയുന്നതിെൻറ ഭാഗമായി വിവിധ രാജ്യങ്ങളിൽനിന്നുള്ള വിമാന സർവിസ് നിർത്തിവെച്ചതിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയവർക്ക് താമസ അനുമതി പുതുക്കാനും താൽക്കാലികമായി നീട്ടി നൽകാനും ആഭ്യന്തര മന്ത്രാലയം സൗകര്യം ഏർപ്പെടുത്തി.
തൊഴിലാളിയുടെ അഭാവത്തിൽ സ്പോൺസർക്കോ സ്ഥാപനത്തിെൻറ മൻദൂബി നോ വിസ പുതുക്കാം. ഗാർഹിക വിസയിലുള്ളവരുടെ താമസാനുമതിയും ഇതേ രീതിയിൽ സ്പോൺസർമാർക്ക് പുതുക്കാം. വിസ പുതുക്കാൻ സാധിക്കാത്തവർക്ക് മൂന്നുമാസത്തെ അവധി അപേക്ഷ സമർപ്പിക്കാനും സന്ദർശക വിസയിൽ രാജ്യത്ത് എത്തിയവർക്ക് രണ്ട് മാസം കൂടി കാലാവധി നീട്ടി നൽകാനും സൗകര്യം അനുവദിച്ചിട്ടുണ്ട്. എന്നാൽ, പാസ്‌പോർട്ട് കാലാവധി അടക്കം ഇക്കാര്യത്തിൽ നിലവിൽ പ്രാബല്യത്തിലുള്ള മുഴുവൻ നിയമങ്ങളും വ്യവസ്ഥകളും അപേക്ഷകർക്ക് ബാധകമാണ്.
കുടുംബ വിസയിൽ കഴിയുന്ന, രാജ്യത്തിനു പുറത്തുള്ളവർക്കും സ്പോൺസർ വഴി താമസ അനുമതി പുതുക്കാം. കുടുംബ വിസയിൽ കഴിയുന്നവരുടെ സ്പോൺസർ നാട്ടിലും ആശ്രിതർ കുവൈത്തിലും ആണെങ്കിൽ അവർക്ക് താൽക്കാലിക താമസ അനുമതി അനുവദിച്ച് നൽകും.
സന്ദർശക വിസയിൽ രാജ്യത്ത് എത്തി വിസ കാലാവധി കഴിയാനിരിക്കുന്നവർക്ക് രണ്ടുമാസം താമസ അനുമതി നീട്ടി നൽകുമെന്നതാണ് മറ്റൊരു പ്രധാന തീരുമാനം. നാട്ടിൽപോയി നിലവിലെ സാഹചര്യത്തിൽ ആറ് മാസത്തിന് മുമ്പായി രാജ്യത്ത് തിരിച്ചെത്താൻ കഴിയുന്നവർക്കും മൂന്നുമാസത്തെ അവധി അപേക്ഷ സമർപ്പിക്കാൻ സൗകര്യം നൽകി. ഇത് സഥാപനങ്ങളുടെ മൻദൂബുമാർ മുഖേനെയാണ് ചെയ്യേണ്ടത്.
സുരക്ഷാ നിയന്ത്രണങ്ങളില്ലാത്ത താമസക്കാർക്കും വിമാന യാത്രാ വിലക്ക് നിലനിൽക്കുന്ന ഇന്ത്യ, ലെബനൻ ശ്രീലങ്ക, ഫിലിപ്പീൻസ്, ചൈന, ഹോങ്കോങ്, ഇറാൻ, സിറിയ, ഈജിപ്ത്, ഇറാഖ്, തായ്ലാൻഡ്, ഇറ്റാലി കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കുമാണ് ഈ സൗകര്യം ഏർപ്പെടുത്തിയതെന്ന് താമസ കാര്യ വിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി തലാൽ അൽ മഅറഫി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.