കുവൈത്ത് സിറ്റി: രാഹുൽ ഗാന്ധിക്കെതിരെയുള്ള മാനനഷ്ടക്കേസ്, ബി.ജെ.പിയുടെ ഗൂഢാലോചനയെന്ന് ഒ.ഐ.സി.സി കുവൈത്ത്.
ഇന്ത്യയിലുടനീളം ജോഡോ യാത്ര നടത്തി, കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാണിച്ച രാഹുൽ ഗാന്ധിയെ നിശ്ശബ്ദനാക്കാനുള്ള നീക്കത്തെ ശക്തിയുക്തം എതിർക്കുമെന്നും ഒ.ഐ.സി.സി അറിയിച്ചു. എല്ലാ പ്രതിപക്ഷപാർട്ടികളും ഒരുമിച്ചുള്ള നീക്കത്തിന് ഒ.ഐ.സി.സി കുവൈത്ത് പൂർണ പിന്തുണ പ്രഖ്യാപിച്ചു.
കുവൈത്ത് സിറ്റി: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി ജനാധിപത്യത്തെയും മതേതരത്വത്തെയും ഇല്ലായ്മ ചെയ്യാനുള്ള സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണെന്ന് ഒ.ഐ.സി.സി യൂത്ത് വിങ് കുവൈത്ത് വ്യക്തമാക്കി. ഇന്ത്യയിലെ ബാങ്കുകളെ കൊള്ളയടിച്ച് കോടികളുമായി വിദേശത്തേക്ക് മുങ്ങിയവരെ പരാമർശിച്ചുകൊണ്ട് പ്രസംഗിച്ചതിന്റെ പേരിൽ രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടി സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണ്. രാഹുൽ ഗാന്ധിയെപ്പോലെ മതേതര കാഴ്ചപ്പാടും ജനാധിപത്യബോധ്യവുമുള്ള ഒരു എം.പി പാർലമെന്റിൽ ഉള്ളത് സർക്കാറിനെ അസ്വസ്ഥമാക്കുന്നു എന്നതിന് തെളിവാണിത്. ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമായി ഈ ദിവസത്തെ ലോകം നോക്കിക്കാണുമെന്നും ഒ.ഐ.സി.സി യൂത്ത് വിങ് പറഞ്ഞു.
കുവൈത്ത് സിറ്റി: കോൺഗ്രസിന്റെ സമുന്നത നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം അസാധുവാക്കിയ നടപടി ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് കുവൈത്ത് കെ.എം.സി.സി.
ജനാധിപത്യ ഇന്ത്യയെ തിരിച്ചുകൊണ്ടുവരാൻ മതേതര കക്ഷികൾ ഘട്ടത്തിൽ ഒന്നിക്കണമെന്നും അല്ലെങ്കിൽ ഇന്ത്യ ഏകാധിപത്യത്തിലേക്ക് നീങ്ങുമെന്ന് ആശങ്കപ്പെടുന്നതായും കെ.എം.സി.സി പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ആക്ടിങ് ജനറൽ സെക്രട്ടറി ടി.ടി. ഷംസുവും പറഞ്ഞു.
കുവൈത്ത് സിറ്റി: രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയ നടപടി ജനാധിപത്യത്തെ കുഴിച്ചുമൂടാനുള്ള ശ്രമവും അതിലേക്കുള്ള കുറുക്കുവഴിയുമാണെന്ന് പ്രവാസി വെൽഫെയർ കുവൈത്ത്. ഭരണകൂടം സർവ ദംഷ്ട്രയും പുറത്തെടുത്തു ജനാധിപത്യത്തെ കശാപ്പ് ചെയ്യാനുള്ള തയാറെടുപ്പിലാണെന്ന് ഇത്തരം നടപടികൾ സൂചിപ്പിക്കുന്നു. ഇത് ജനങ്ങൾ തിരിച്ചറിയണം. ലോകത്തിനു മുന്നിൽ ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ജനാധിപത്യവും ഭരണഘടനയെയും സംരക്ഷിക്കാൻ ഓരോ പൗരനും മുന്നോട്ടുവരേണ്ട സമയമാണ് ഇതെന്നും പ്രവാസി വെൽഫെയർ ആവശ്യപ്പെട്ടു.
ഭരണകൂടത്തെ വിമർശിക്കുന്നവരെ അയോഗ്യരാക്കുന്ന രീതി ഫാഷിസമാണ്. അതിനെതിരെ മൗനിയായിരിക്കാൻ കഴിയില്ല. പ്രതിപക്ഷ ശബ്ദങ്ങളില്ലാത്ത ഏകാധിപത്യ ഭരണമാണ് സംഘ്പരിവാർ ആഗ്രഹിക്കുന്നത്. അതിനെ ചെറുത്തുതോൽപിക്കാൻ ഒരുമിച്ച് മുന്നോട്ടുവന്നില്ലെങ്കിൽ തിരിച്ചുപോക്ക് അസാധ്യമായിരിക്കും. സംഘ്പരിവാർ ഫാഷിസ്റ്റ് ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി ശബ്ദിക്കേണ്ട സമയമാണ് ഇത്. രാഹുൽ ഗാന്ധിക്ക് പ്രവാസി വെൽഫെയർ കുവൈത്തിന്റെ ഐക്യദാർഢ്യം രേഖപ്പെടുത്തുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.
കുവൈത്ത് സിറ്റി: രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയിൽ കല കുവൈത്ത് പ്രതിഷേധിച്ചു. കേന്ദ്ര സർക്കാർ രാഷ്ട്രീയ വിയോജിപ്പുകളെയും എതിർശബ്ദങ്ങളെയും ഭയക്കുന്നതിന്റെ തെളിവാണിത്. രാഹുൽ ഗാന്ധിക്കെതിരായ ജനാധിപത്യവിരുദ്ധമായ നടപടി അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തുന്നതും ഫാഷിസ്റ്റ് രാജ്യത്തിലേക്കുള്ള മാറ്റത്തിന്റെ സൂചനയുമാണ്. അപ്പീൽ അവകാശങ്ങൾ നിലനിൽക്കുമ്പോൾ സംഘ്പരിവാർ താല്പര്യങ്ങൾ സംരക്ഷിക്കാൻ ലോക്സഭ സെക്രട്ടേറിയറ്റ് തിടുക്കപ്പെട്ടെടുത്ത നടപടി ജനാധിപത്യമര്യാദകളുടെയും നിയമവ്യവസ്ഥകളുടെയും ലംഘനമാണ്. ഇതിനെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും രംഗത്തുവരണമെന്നും കേന്ദ്ര സർക്കാർ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നതായും കല കുവൈത്ത് പ്രസിഡന്റ് കെ.കെ. ശൈമേഷ്, ജനറൽ സെക്രട്ടറി സി. രജീഷ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.