മേഖലയിൽ സംഘർഷം; ആശങ്കയുടെ ദിനം

കുവൈത്ത് സിറ്റി: തെഹ്റാനിൽ ഇസ്രായേൽ-യു.എസ് സംയുക്ത ആക്രമണത്തിന് പിന്നാലെ മേഖലയിൽ ഉടലെടുത്ത സംഘർഷാവസ്ഥയിൽ ആശങ്കയിൽ കുവൈത്ത്.

ഇസ്രായേൽ-യു.എസ് ആക്രമണത്തിന് മറുപടിയായി കുവൈത്തിലെ അലി അൽ സാലിം വ്യോമതാവളം ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണം രാജ്യത്തെ ഭീതിയിലാഴ്ചത്തി.

എന്നാൽ, മിസൈലുകൾ കുവൈത്ത് വ്യോമ പ്രതിരോധ സേന വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയ ഔദ്യോഗിക വക്താവ് കേണൽ സൗദ് അൽ അത്വാൻ പറഞ്ഞു. മിസൈൽ അവശിഷ്ടങ്ങൾ താവളത്തിന് ചുറ്റും പതിച്ചതായും വ്യക്തമാക്കി.

രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിലും സുരക്ഷക്കും സ്ഥിരതക്കും നേരെയുള്ള ഭീഷണിക​ളോട് പ്രതികരിക്കുന്നതിലും കുവൈത്ത് സായുധ സേന ജനറൽ സ്റ്റാഫ് ജാഗ്രത പാലിക്കുന്നുണ്ടെന്നും സൂചിപ്പിച്ചു.

മിസൈൽ തടസ്സപ്പെടുത്തിയതിന്റെ അവശിഷ്ടങ്ങളിൽ നിന്നോ അവശിഷ്ടങ്ങളിൽ നിന്നോ അകന്നു നിൽക്കാനും, അവ തൊടുകയോ നീക്കുകയോ ചെയ്യരുതെന്നും, ബന്ധപ്പെട്ട അധികാരികളെ ഉടൻ അറിയിക്കണമെന്നും അദ്ദേഹം പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.

വ്യോമാതിർത്തി അടച്ചു

മേഖലയിലെ രാഷ്ട്രീയ, സുരക്ഷ സംഘർഷങ്ങളുടെ സാഹചര്യത്തിൽ കുവൈത്ത് വ്യോമാതിർത്തി അടച്ചു. താൽക്കാലികമായാണ് നടപടിയെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അറിയിച്ചു. യാത്രക്കാരെയും വിമാനക്കമ്പനികളെയും വിമാനത്താവള പ്രവർത്തനങ്ങളെയും അപകടസാധ്യതകളിൽനിന്ന് സംരക്ഷിക്കുന്നതിനുള്ള മുൻകരുതലിന്റെ ഭാഗമായാണ് നടപടി. സുരക്ഷയും ഭദ്രതയും ഉറപ്പാക്കുന്നതിന് മുൻ‌ഗണന നൽകുന്നത് തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.

പ്രാദേശിക, അന്തർദേശീയ കക്ഷികളുമായി ഏകോപിപ്പിച്ച് സംഭവവികാസങ്ങൾ 24 മണിക്കൂറും നിരന്തരം നിരീക്ഷിക്കുന്നുണ്ട്. അപ്ഡേറ്റുകൾ ഔദ്യോഗിക ചാനലുകൾ വഴി കൃത്യമായി പൊതുജനങ്ങളെയും മാധ്യമങ്ങളെയും അറിയിക്കുമെന്നും സിവിൽ ഏവിയേഷൻ വക്താവ് അബ്ദുല്ല അൽ രാജ്ഹി പറഞ്ഞു.

സംഘർഷ സാധ്യത കണക്കിലെടുത്ത് കുവൈത്തിൽനിന്ന് ഇറാനിലേക്കുന്ന വിമാന സർവിസുകൾ കുവൈത്ത് നേരത്തെ നിർത്തിവെച്ചിരുന്നു.

Tags:    
News Summary - Conflict in the region; A day of concern

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.