കുവൈത്ത് സിറ്റി: നീറ്റ് പരീക്ഷക്കായി കുവൈത്തിൽ രജിസ്റ്റർചെയ്തു നാട്ടിൽ പോയവർ പ്രതിസന്ധിയിൽ. പരീക്ഷാ കേന്ദ്രം മാറ്റാനുള്ള അപേക്ഷ അധികൃതർ പരിഗണിക്കാത്തതും, കുവൈത്തിൽ നിന്ന് കേരളത്തിലേക്ക് നേരിട്ടു വിമാനം ഇല്ലാത്തതും ഇത്തരം വിദ്യാർഥികളെ കുഴക്കുകയാണ്. മേഖലയിൽ തുടരുന്ന അനിശ്ചിതത്വവും തിരിച്ചുള്ള യാത്രയെ കുറിച്ച് ആശങ്ക സൃഷ്ടിക്കുന്നു.
മേയ് മൂന്നിനാണ് ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിലെ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്,ബി.എച്ച്.എം.എസ് ഉൾപ്പെടെയുള്ള കോഴ്സുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷയായ നീറ്റ് നടക്കുന്നത്. ഇതിനായി നേരത്തെ രജിസ്ട്രേഷൻ പൂർത്തിയായിരുന്നു. കുവൈത്തിൽ നിന്നു വിദ്യാർഥികൾ കുവൈത്ത് സെന്റർ ഒന്നാം ഒപ്ഷനായി അപേക്ഷ നൽകുകയും ചെയ്തു.
ഇതിനിടെ ചില വിദ്യാർഥികൾ വെക്കേഷനിൽ നാട്ടിൽ പോയി. പരീക്ഷക്ക് മുമ്പ് തിരിച്ചെത്താമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാൽ ഫെബ്രുവരി 28ന് ഇസ്രായേൽ,യു.എസ്-ഇറാൻ സംഘർഷം ആരംഭിക്കുകയും കുവൈത്ത് വ്യോമപാതയും വിമാനത്താവളവും അടച്ചിടുകയും ചെയ്തു. ഇതോടെ നാട്ടിൽ പോയവർ അവിടെ അകപ്പെട്ടു. കുവൈത്തിൽ പരീക്ഷ എത്താൻ കഴിയുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനാൽ നാട്ടിൽ പരീക്ഷസെന്റർ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ അധികൃതർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ അനുകൂലമായ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് വിദ്യാർഥികൾ പറയുന്നു.
പരീക്ഷക്ക് ഇനി ചുരുക്കം ദിവസങ്ങളേ ഉള്ളൂ എന്നതിനാൽ എന്തുചെയ്യണമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. കുവൈത്തിലേക്ക് കേരളത്തിൽ നിന്ന് സൗദി വഴിയാണ് ഇപ്പോൾ വിമാന സർവിസുകൾ ഉള്ളത്. ദിവസവും ഈ സർവിസ് ഇല്ലാത്തതിനാൽ പെട്ടെന്ന് യാത്രചെയ്യാൻ കഴിയില്ല. സൗദി വഴി കുവൈത്തിൽ എത്താൻ വലിയ തുകയും സമയവും ചെലവഴിക്കണം. കുട്ടികൾകൊപ്പം രക്ഷിതാക്കളും യാത്ര ചെയ്യേണ്ടിയും വരുമെന്നത് യാത്ര ചെലവും ഇരട്ടിപ്പിക്കും.
യാത്രക്ക് ഒരുങ്ങിയതിന് ശേഷമാണ് പരീക്ഷാകേന്ദ്രം മാറിയതായി അറിയിപ്പ് ലഭിക്കുന്നതെങ്കിൽ അതും പ്രയാസം സൃഷ്ടിക്കും. ഇത് സംബന്ധിച്ച് വേഗത്തിൽ വ്യക്തത ലഭിക്കണമെന്ന ആവശ്യത്തിലാണ് വിദ്യാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.